ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ ബാബുവിനെ മെയ് 25 മുതലാണ് കാണാതായത്. അന്ന് രാവിലെ 10.30 മണിയോടെ ഷാര്‍ജയിലേക്ക് തിരിക്കാന്‍ സഹോദരന്‍ ബിനോയ്, സുഹൃത്ത് ഉണ്ണി എന്നിവരോടൊപ്പം വാഹനത്തില്‍ മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടിനകത്ത് ബാബു കയറിയ ഉടന്‍ നാട്ടില്‍ നിന്ന് യാത്രയയക്കാന്‍ വന്നവര്‍ തിരിച്ചു പോയി.
എന്നാല്‍ അന്ന് ബാബു ഷാര്‍ജയിലെത്തിയില്ല. ഷാര്‍ജയിലെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ബാബു ഇന്ത്യ വിട്ടിട്ടില്ലെന്ന് വ്യക്തമായി.
ഇതേ തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബാബുവിനെ കാണാതായിട്ട് ആറുമാസം ആയെങ്കിലും ഇതുവരെയും ഈ യുവാവ് എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല.
ഹൊസ്ദുര്‍ഗ് പോലീസ് യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ബാബു അയല്‍വാസിയായ യുവതിയോടൊപ്പം ഗുജറാത്തില്‍ ഉണ്ടെന്ന സൂചന പുറത്തു വന്നു. ഡല്‍ഹിയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായിരുന്നു അയല്‍വാസിയായ യുവതി. ഡല്‍ഹിയിലെ ജോലി ഉപേക്ഷിച്ച് യുവതി ആഗസ്റ്റ് 22 ന് ബാബു വിളിച്ചതനുസരിച്ച് അഹമ്മദാബാദില്‍ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
അഹമ്മദാബാദിനടുത്ത ഗുണപാഠം എന്ന സ്ഥലത്തുള്ള എസ് ടി ഡി ബൂത്തില്‍ നിന്ന് നാട്ടിലേക്ക് വിളിച്ച യുവതി താന്‍ ബാബുവിനോടൊപ്പമാണ് ഉള്ളതെന്ന് അറിയിച്ചിരുന്നു. ബാബുവിനെ ഹൊസ്ദുര്‍ഗ് പോലീസ് രണ്ട് തവണയാണ് ഗുജറാത്തിലേക്ക് പോയത്.
ബാബുവിനെ കണ്ടെത്താന്‍ ഇതുവരെ നടത്തിയ അന്വേഷങ്ങളുടെ പൂര്‍ണ വിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് ഹൊസ്ദുര്‍ഗ് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
No comments:
Post a Comment