Latest News

അഭിലാഷ്: ബാലാവകാശ കമ്മീഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയും മീനാപ്പീസ് കടപ്പുറത്തെ മത്സ്യബന്ധന തൊഴിലാളി സുരേഷിന്റെയും മിനിയുടെയും മകനായ അഭിലാഷിനെ സഹപാഠികള്‍ ശ്വാസം മുട്ടിച്ചു കൊന്ന കുശാല്‍ നഗര്‍ പോളിടെക്‌നിക് ക്യാമ്പസിലെ വെള്ളക്കെട്ടും പരിസരവും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നസീര്‍ ചാലിയം സന്ദര്‍ശിച്ചു.

വെളളിയാഴ്ച സന്ധ്യയോടെയാണ് അദ്ദേഹം സംഭവ സ്ഥലത്തെത്തിയത്. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ്, കമ്മീഷന്‍ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ പി വി പ്രമോദ് കുമാര്‍, കമ്മീഷന്‍ സെക്ഷന്‍ ക്ലര്‍ക്ക് പി ബിജു എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. 

അഭിലാഷിന്റെ മൃതദേഹം കാണപ്പെട്ട വെള്ളക്കെട്ട് നിരീക്ഷിച്ച ബാലാവകാശ കമ്മീഷന്‍ നസീര്‍ ചാലിയം ഈ കൊലപാതക കേസിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍ നിന്ന് ചോദിച്ചറിഞ്ഞു.
കേസില്‍ സഹപാഠികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുകളോ സഹായമോ ഉണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് വ്യാപകമായ അന്വേഷമം നടന്നു വരികയാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് കമ്മീഷനെ ധരിപ്പിച്ചു. 
രാത്രി വൈകിയതു കൊണ്ട് അഭിലാഷിന്റെ വീട് സന്ദര്‍ശിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. 

കുട്ടികളുടെ അവകാശലംഘനം, വിദ്യാഭ്യാസാവകാശ നിയമം, ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം എന്നിവ നടപ്പാക്കുന്നതിലെ പിഴവുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുകയും തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ബാലാവകാശ കമ്മീഷന്റെ പ്രധാന ഉത്തവാദിത്വം.

അതിനിടെ അഭിലാഷ് കൊലക്കേസിന്റെ വിശദ വിവരങ്ങളും ഇപ്പോഴത്തെ അന്വേഷണ പുരോഗതിയും ജില്ലാപോലീസ് ആസ്ഥാനത്തു നിന്ന് തിരുവനന്തപുരത്തെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് കൈമാറി. അഭിലാഷിന്റെ മരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് ഒരു പൊതു പ്രശ്‌നമായി കണക്കാക്കിയാണ് അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് അടിയന്തിര സ്വഭാവത്തോടെ അയച്ചു കൊടുത്തത്. 

ഡിസംബര്‍ ഒന്നിന് നിയമ സഭ സമ്മേളനം ആരംഭിക്കും. അഭിലാഷിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബാഞ്ചിന് വിടണമെന്നും അഭിലാഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുക്കണമെന്നാവശ്യപ്പെട്ടും നിയമ സഭാ സമ്മേളനത്തില്‍ സബ്മിഷന്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അഭിലാഷ് കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയതായി എം എല്‍ എ പിന്നീട് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 

മിക്കവാറും കേസ് ക്രൈംബ്രാഞ്ചിന് വിടാനാണ് സാധ്യത. അതേ സമയം അഭിലാഷ് കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇതിനകം മുപ്പതിലേറെ പേരെ ഇതിനകം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിലാഷിനെ ശ്വാസം മുട്ടിച്ചു കൊന്ന രണ്ട് സഹപാഠികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിലെ നമ്പരുകള്‍ സൈബര്‍ സെല്‍ വഴി വിശദമായ പരിശോധന നടത്തിവരികയാണ്. 

ഇവരുമായി സംഭവത്തിന് മുമ്പും അറസ്റ്റ്‌ലാകുന്നതിനു മുമ്പും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംശയമുള്ളവരെയൊക്കെ ചോദ്യം ചെയ്തു വരുന്നുണ്ട്. ഈ കൊലപാതകത്തിനു പിന്നിലെ ദുരൂഹത അകറ്റാന്‍ അന്വേഷണം നാനാദിക്കുകളിലേക്കും പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.. 

അഭിലാഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണപിള്ളയില്‍ നിന്ന് വെളളിയാഴ്ച ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.