Latest News

അഭിലാഷ്: എ ഡി ജി പി ശങ്കര്‍ റെഡ്ഡി സംഭവ സ്ഥലം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി, കാഞ്ഞങ്ങാട് മീനാപ്പീസിലെ മത്സ്യബന്ധനത്തൊഴിലാളി സുരേഷിന്റെയും മിനിയുടെയും മകന്‍ അഭിലാഷ് എന്ന പതിനഞ്ചുകാരന്‍ ദാരുണമായി കൊല്ലപ്പെട്ട കുശാല്‍ നഗര്‍ പോളിടെക്‌നിക് ക്യാമ്പസിലെ വെള്ളക്കെട്ടും പരിസരവും ഉത്തര മേഖല എ ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡി ചൊവ്വാഴ്ച രാവിലെ സന്ദര്‍ശിച്ചു.

കൊലപാതകം നടന്ന രീതിയെക്കുറിച്ച് അദ്ദേഹം കീഴുദ്യോഗസ്ഥരോട് വിശദ വിവരങ്ങള്‍ ആരാഞ്ഞു. കാസര്‍കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എ ഡി ജി പി യോട് സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കാസര്‍കോട് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്ര നായക്, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ്, പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാല്‍ തുടങ്ങിയവര്‍ എ ഡി ജി പി യെ അനുഗമിച്ചു. 

സംഭവ സ്ഥലം പരിശോധിച്ചതിനു ശേഷം ഹൊസ്ദുര്‍ഗ് ഡി വൈ എസ് പി ഓഫീസിലെത്തിയ എ ഡി ജി പി ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുമായി അഭിലാഷിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി.
ഇതിനിടയില്‍ അഭിലാഷിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ജനങ്ങളുടെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ടും യു ഡി എഫ് നേതാക്കളായ ഡി ബി ബാലകൃഷ്ണന്‍, എന്‍ കെ രത്‌നാകരന്‍, ടി കെ ഇബ്രാഹിം, എം ഇബ്രാഹിം, കെ മുഹമ്മദ് കുഞ്ഞി, സി അബ്ദുള്ള ഹാജി എന്നിവര്‍ ഡി വൈ എസ് പി ഓഫീസിലെത്തി എ ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡിക്ക് നിവേദനം നല്‍കി.
അരയി ജമാഅത്ത് പ്രസിഡണ്ടും മുസ്‌ലിം ലീഗ് നേതാവുമായ ബി കെ യൂസഫ്ഹാജിയുടെ വീടിനു നേരെ അക്രമം നടത്തുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യൂസഫ് ഹാജിയും ജമാഅത്ത് സെക്രട്ടറി ജലീല്‍ കാര്‍ത്തികയും ചേര്‍ന്ന് എ ഡി ജി പി ക്ക് പരാതി നല്‍കി. 

കേസുകളില്‍ പോലീസിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അന്വേഷണം ഇതുവരെ സത്യസന്ധമായാണ് മുന്നോട്ട് നീങ്ങിയതെന്നും എ ഡി ജി പി നിവേദക സംഘത്തിന് മറുപടി നല്‍കി. നാട്ടില്‍ പടരുന്ന അഭ്യൂഹങ്ങള്‍ പോലീസ് കണക്കിലെടുക്കുന്നില്ലെന്നും ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ അഭിലാഷിന്റെ കൊലപാതക കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് സംഘം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.