Latest News

മധൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ തുറന്നു; ഏഴെണ്ണം തുറന്നപ്പോള്‍ ലഭിച്ചത് 10,63,000 രൂപ

കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ തുറന്നു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറുടെ ചുമതലയുള്ള മലബാര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എം. സുഗുണന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ പത്തോടെയാണു ഭണ്ഡാരങ്ങള്‍ തുറന്നത്.

ആകെയുള്ള 17 ഭണ്ഡാരങ്ങളില്‍ ഏഴെണ്ണമാണ് തുറന്നത്. തുറന്ന ഭണ്ഡാരങ്ങളിലെ കാണിക്കപ്പണം മധൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, ദേവസ്വം ജീവനക്കാര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേരാണ് എണ്ണിത്തിട്ടപ്പെടുത്തിയത്. ആദ്യദിവസത്തെ തിട്ടപ്പെടുത്തലില്‍ ഏഴു ഭണ്ഡാരങ്ങളിലായി 10,63,000 രൂപയാണുണ്ടായത്.
അവശേഷിച്ച 10 ഭണ്ഡാരങ്ങള്‍ ചൊവ്വാഴ്ച തുറന്നു കാണിക്കപ്പണം തിട്ടപ്പെടുത്തും. കഴിഞ്ഞ ഓഗസ്റ്റ് 11ന് ആയിരുന്നു ഒടുവില്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തുറന്നു കാണിക്കപ്പണം തിട്ടപ്പെടുത്തി ബാങ്കിലേക്ക് മാറ്റിയത്. 

വഴിപാടു നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ടു ക്ഷേത്ര സംരക്ഷണ ഭാരവാഹികളും അധികൃതരും തമ്മിലുണ്ടായ തര്‍ക്കമാണ് മാസം തോറും ഭണ്ഡാരം തുറക്കുന്നതിന് തടസ്സമായത്. വഴിപാടുനിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രതികരിച്ചവരുടെ പേരില്‍ നല്‍കിയ പരാതിയും കേസും പിന്‍വലിച്ചില്ലെങ്കില്‍ ഭണ്ഡാരങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ക്ഷേത്ര സംരക്ഷണ ഭാരവാഹികള്‍.

പ്രധാന ശ്രീകോവില്‍ സന്നിധികളിലും മറ്റുമായി ഭണ്ഡാരങ്ങള്‍ കവിഞ്ഞു കാണിക്കപ്പണം നിലത്തും മറ്റും വീണ് ഒടുവില്‍ തുണിയില്‍ കെട്ടിവയ്ക്കുന്ന അവസ്ഥയിലേക്ക് മാറിയപ്പോഴാണ് ദേവസ്വംബോര്‍ഡ് അധികൃതര്‍ സംരക്ഷണ സമിതി ഭാരവാഹികളും മറ്റുമായി നടത്തിയ ചര്‍ച്ചയില്‍ കേസും പരാതിയും പിന്‍വലിക്കാന്‍ ധാരണയായത്. തുടര്‍ന്നാണ് ഭണ്ഡാരങ്ങള്‍ ഇന്നലെ തുറക്കാന്‍ തീരുമാനിച്ചത്. 

വഴിപാടുനിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സമരക്കാര്‍ക്കെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥയെ സംരക്ഷണ സമിതി ആവശ്യപ്രകാരം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ചുമതലയില്‍നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.