Latest News

ബസ് കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് അയ്യപ്പന്മാരുടെ കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട : ബസ് കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക്, ശബരിമലതീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ അയ്യപ്പന്മാരുടെ കാര്‍ ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്കേറ്റു.

കലഞ്ഞൂര്‍ ജങ്ഷനില്‍ ബുധനാഴ്ച രാവിലെ 10.30നായിരുന്നു അപകടം. കലഞ്ഞൂര്‍ ചെറിയകോണ്‍ പോറ്റികുന്നേല്‍ രാമചന്ദ്രന്‍ നായര്‍(70), ഇടത്തറ കാരംമൂട് പുരയിടത്തില്‍ ഉമൈബാള്‍ ബീവി(48) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊല്ലം മെഡിസിറ്റി ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തിടി ഷാഫിമന്‍സിലില്‍ തൗസിയ സലിം, കലഞ്ഞൂര്‍ നിര്‍മലാസദനത്തില്‍ സ്മിത, കലഞ്ഞൂര്‍ ശ്രീവിഹാര്‍ ചന്ദ്രിക, കുടപ്പാറ കൊച്ചുവീട്ടില്‍ ദാമോദരന്‍, കലഞ്ഞൂര്‍ ഗൗരിവിലാസത്തില്‍ ശശികുമാര്‍, തേവലക്കര വേങ്ങവിളയില്‍ ഖദീജ, കലഞ്ഞൂര്‍ വെട്ടിക്കത്തറയില്‍ സരസ്വതി, പുത്തന്‍പുരയില്‍ രവീന്ദ്രന്‍ നായര്‍, ശാസ്തമംഗലത്ത് ശാന്ത, കലഞ്ഞൂര്‍ പാലമല പുത്തന്‍വീട്ടില്‍ സന്ധ്യ, പുത്തന്‍പുരയില്‍ ബാബു, കലഞ്ഞൂര്‍ സ്വദേശിനി സീതാകുമാരി, കുറുമ്പകര പുല്ലാട്ട് കാട്ടുകാല ഗോപാലന്‍ എന്നിവരെ പരിക്കുകളോടെ വിവിധ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു.

ശബരിമലദര്‍ശനം കഴിഞ്ഞ് കര്‍ണാടകയിലേക്കു മടങ്ങിയ അയ്യപ്പന്മാര്‍ സഞ്ചരിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.

കലഞ്ഞൂര്‍ ജങ്ഷനില്‍നിന്ന് പത്തനാപുരം ഭാഗത്തേക്കുള്ള ബസ്സില്‍ കയറാന്‍ കാത്തുനിന്നവരും സമീപത്തുള്ള കടയില്‍ സാധനം വാങ്ങിക്കൊണ്ടു നിന്നവരുമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍വന്ന കാര്‍ റോഡരികില്‍ നിന്നവരെ ഇടിച്ചശേഷം ഒരുബൈക്കും തകര്‍ത്താണ് സമീപത്തുള്ള കടയിലേക്ക് ഇടിച്ചുകയറിനിന്നത്.

മരിച്ച രാമചന്ദ്രന്‍ നായര്‍ റോഡരികിലുള്ള കടയില്‍നിന്ന് സാധനം വാങ്ങിക്കൊണ്ടും ഉമൈബാള്‍ ബീവി പത്തനാപുരം ഭാഗത്തേക്ക് ബസ്‌കയറാന്‍ കാത്തുനില്‍ക്കുകയുമായിരുന്നു. അപകടത്തില്‍ കലഞ്ഞൂര്‍ ഷണ്മുഖവിലാസത്തില്‍ ശ്രീകുമാറിന്റെ ബൈക്കും തകര്‍ന്നു. വാഹനമിടിച്ച് റോഡരികിലേക്ക് തെറിച്ചുവീണ ആളുകളെ നാട്ടുകാരും കലഞ്ഞൂര്‍ കെ.എസ്.ഇ.ബി. ഓഫീസിലെ ജീവനക്കാരും ചേര്‍ന്നാണ് വിവിധ ആസ്​പത്രികളില്‍ എത്തിച്ചത്. മരിച്ച രാമചന്ദ്രന്‍ നായരുടെ ഭാര്യ ശാരദാമ്മ. മക്കള്‍: മുരളി, ജലജ. മരുമക്കള്‍: സിന്ധു, ആനന്ദകുമാര്‍. കാര്‍ഡ്രൈവര്‍ ബാംഗ്ലൂര്‍ ആനയ്ക്കല്‍ ലക്ഷ്മിനഗറില്‍ ചലപതിയെ(33) കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.