Latest News

കോളേജിന് മുന്നില്‍ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു

പാലക്കാട്: ഗവ. വിക്‌ടോറിയ കോളജ് ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഇടിച്ചു റോഡിലേക്കു തെറിച്ചുവീണ വിദ്യാര്‍ഥിനി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. കോളേജിലെ ബിഎ ഇക്കണോമിക്‌സ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി ചെര്‍പ്പുളശ്ശേരി ചളവറ കൊത്തളംപറമ്പത്ത് വീട്ടില്‍ വിജയകുമാരന്റെ മകള്‍ കെ. വിനീത (20) ആണു മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.45നു കോളജിനു മുന്നിലായിരുന്നു അപകടം. ക്രിയാത്മക രചനയ്ക്കുള്ള ബാലശ്രീ അവാര്‍ഡ് 2008ല്‍ രാഷ്ട്രപതിയില്‍നിന്നു ലഭിച്ച വിദ്യാര്‍ഥിനിയാണു വിനീത.

കോളേജിന് എതിര്‍വശത്തുള്ള കടയില്‍നിന്നു സ്‌കോളര്‍ഷിപ് അപേക്ഷയുടെ പകര്‍പ്പെടുത്തു മടങ്ങുന്നതിനിടെയാണു ദുരന്തം. റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങുന്നതിനിടെ ശേഖരീപുരം ഭാഗത്തുനിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചപ്പോള്‍ റോഡിലേക്കു തെറിച്ചു വീണ വിനീതയുടെ ദേഹത്തുകൂടി കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങിയെന്നു പൊലീസ് പറഞ്ഞു. കോഴിക്കോട്ടേക്കു പോവുകയായിരുന്നു ബസ്. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടശേഷം കെഎസ്ആര്‍ടിസി ഡ്രൈവര്‍ ട്രാഫിക് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. വിനീതയെ ആശുപത്രിയിലെത്തിച്ചത് അപകടമുണ്ടാക്കിയ ഓട്ടോറിക്ഷയില്‍തന്നെയാണെന്നു ദൃക്‌സാക്ഷിമൊഴിയുണ്ടെന്നു പൊലീസ് പറഞ്ഞു. പിന്നീട് ഓട്ടോറിക്ഷ കണ്ടെത്താനായില്ല. ബൈക്കിടിച്ചാണ് അപകടമെന്നു ശ്രുതി പരന്നെങ്കിലും ഇതു തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

അപകടത്തിനുശേഷം വിദ്യാര്‍ഥികള്‍ കോളജിനു മുന്നില്‍ വാഹനഗതാഗതം തടസ്സപ്പെടുത്തിയെങ്കിലും പൊലീസും അധ്യാപകരും ജനപ്രതിനിധികളും ഇടപെട്ടു ശാന്തരാക്കി. വിനീതയുടെ പിതാവു വിജയകുമാരന്‍ സൗദി അറേബ്യയിലെ ദമാമിലാണ്. അമ്മ സ്‌നേഹലത ചളവറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. സഹോദരി: വിനയ. സംസ്‌കാരം ഇന്നു 11നു ഷൊര്‍ണൂര്‍ ശാന്തിതീരത്ത്. വിക്‌ടോറിയ കോളേജിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.