Latest News

അഭിഭാഷകന്റെ വീട്ടില്‍നിന്ന് 50 പവന്‍ കവര്‍ന്ന കേസില്‍ ഗുമസ്ത അറസ്റ്റില്‍

തൃശൂര്‍: അഭിഭാഷകന്റെ വീട്ടില്‍നിന്ന് 50 പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ന്ന കേസില്‍ അദ്ദേഹത്തിന്റെ ഗുമസ്ത അറസ്റ്റിലായി. ഒല്ലൂക്കര പണ്ടാരപ്പറമ്പ് കിന്‍സിയാണ് അറസ്റ്റിലായത്. പടിഞ്ഞാറേക്കോട്ട ഐശ്വര്യ ലെയ്‌നില്‍ അഡ്വക്കറ്റ് കൃഷ്ണമൂര്‍ത്തിയുടെ ഗുമസ്തയായി അഞ്ചു മാസമായി ജോലി ചെയ്തുവരികയായിരുന്നു.

അഭിഭാഷകനും ദയ ആശുപത്രിയിലെ ഡോക്ടര്‍കൂടിയായ ഭാര്യ ലീലാമണിയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ജോലിയില്‍ സമര്‍ഥയായ കിന്‍സി അഭിഭാഷകന്റെ വിശ്വാസം പിടിച്ചുപറ്റിയശേഷം വീട്ടിലെ ലോക്കറില്‍നിന്നു കവര്‍ച്ച നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൃഷ്ണമൂര്‍ത്തിയെ കൂടാതെ രണ്ട് അഭിഭാഷകരുടെ ഗുമസ്തയായും ജോലി ചെയ്യുന്നുണ്ട്.

വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ കിന്‍സി കുറേശെയായി 50 പവന്‍ മോഷ്ടിക്കുകയായിരുന്നു. മോഷണവിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡോക്ടര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. രഹസ്യമായാണു പൊലീസ് അന്വേഷണം നടത്തിയത്. സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന കിന്‍സി നിരീക്ഷണത്തിലായിരുന്നു. നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍നിന്നു കിന്‍സി സ്വര്‍ണാഭരണം മാറ്റിയെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഇവര്‍ ആഭരണങ്ങള്‍ മാറ്റിയെടുക്കാന്‍ പലപ്പോഴായി എത്തിയിരുന്നതായും വിവരം ലഭിച്ചു.

15 പവന്‍ ആഭരണം ഒരുമിച്ചു മാറ്റി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. കോടതിപരിസരത്തുനിന്നു കൂട്ടിക്കൊണ്ടു വന്നു ചോദ്യം ചെയ്തതോടെ കിന്‍സി കുറ്റം സമ്മതിച്ചുവെന്നു പൊലീസ് അറിയിച്ചു. സെപ്റ്റംബറിലാണു മോഷണം നടന്നതെങ്കിലും കഴിഞ്ഞ എട്ടിനാണു വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

കിന്‍സിയുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. സിറ്റി പൊലീസ് മേധാവി ജേക്കബ് ജോബ്, അസി. കമ്മിഷണര്‍ മുഹമ്മദ് ആരിഫ്, സിഐ ടി.ആര്‍. രാജേഷ് തുടങ്ങിയവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.