Latest News

സിപിഎം പിന്തുണയോടെ ലീഗ് അവിശ്വാസം; കോണ്‍ഗ്രസ്സ് ഭരണ സമിതി പുറത്ത്‌

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ ലീഗ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയം സി.പി.എം പിന്തുണയോടെ പാസായി. പഞ്ചായത്ത് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെതിരെ രണ്ടാഴ്ച മുമ്പാണ് ലീഗ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചോക്കാട് പഞ്ചായത്ത് ഓഫീസില്‍വെച്ചായിരുന്നു പ്രമേയചര്‍ച്ച നടന്നത്. കോണ്‍ഗ്രസ്സിനും ലീഗിനും എട്ടുവീതവും സി.പി.എമ്മിന് രണ്ടും അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. കോണ്‍ഗ്രസ്സിന്റെ എട്ട് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ലീഗിന്റെ എട്ട് അംഗങ്ങളും സി.പി.എമ്മിന്റെ രണ്ട് അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് അവിശ്വാസ പ്രമേയം പാസായത്.

പഞ്ചായത്തിലെ കേരകര്‍ഷ ഫെഡറേഷന്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് വ്യാജ രജിസ്‌ട്രേഷന്‍ നടത്തുകയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ വഴി തയ്യാറാക്കിയിരുന്ന ഭൂപട നിര്‍മാണത്തിന് കര്‍ഷകരില്‍നിന്ന് പണപ്പിരിവ് നടത്തുകയും ചെയ്തതായ ആരോപണങ്ങള്‍ക്ക് വിധേയമായ ഭരണസമിതിക്കെതിരെ മുസ്ലിംലീഗ് സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 

ഇതിനുപിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ലീഗ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം പാസായ സാഹചര്യത്തില്‍ വൈസ് പ്രസിഡന്റിനെതിരെയും ലീഗ് അവിശ്വാസത്തിന് തിങ്കളാഴ്ച നോട്ടീസ് നല്‍കിയിട്ടുണ്ട്.

ലീഗുമായി സഹകരിക്കാന്‍ കാരണം ലീഗ് സ്വീകരിച്ച കോണ്‍ഗ്രസ് വിരുദ്ധ അഴിമതിവിരുദ്ധ നിലപാട് മാത്രമാണെന്ന് സി.പി.എം നേതാക്കള്‍ വ്യക്തമാക്കി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.