Latest News

മകനെ പിന്തുടര്‍ച്ചക്കാരനാക്കിയ ഡല്‍ഹി ഇമാമിന്റെ നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി മകനെ പിന്തുടര്‍ച്ചാവകാശിയായി നിയമിച്ചതിന് നിയമസാധുതയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ഇമാമിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാറും രംഗത്തെത്തിയതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

എന്നാല്‍, മകനെ ഇമാമായി വാഴിക്കുന്ന ശനിയാഴ്ചത്തെ ചടങ്ങ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

19 വയസ്സുള്ള മകന്‍ നയ്ബ് ഇമാമിനെയാണ് ബുഖാരി പിന്തുടര്‍ച്ചാവകാശിയായി പ്രഖ്യാപിച്ചത്. മുഗള്‍ചക്രവര്‍ത്തി ഷാജഹാന്റെ കാലംമുതല്‍ ഇമാമിന്റെ കുടുംബത്തിന് പതിച്ചുകിട്ടിയതാണ് ജുമാ മസ്ജിദിന്റെ ഇമാംപദവി. സ്ഥാനമൊഴിയുന്ന ഇമാം തന്റെ പിന്തുടര്‍ച്ചാവകാശിയെ പ്രഖ്യാപിക്കുന്നത് പതിവായിരുന്നു.

ഷാഹി ഇമാം ബുഖാരി മകനെ ഇമാമായി പ്രഖ്യാപിച്ചശേഷം അതിനുള്ള അവകാശത്തെക്കുറിച്ച് ചോദ്യമുയര്‍ന്നിരുന്നു. ജുമാ മസ്ജിദ് ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്താണെന്ന് കേന്ദ്ര ന്യൂനപക്ഷമന്ത്രി നജ്മ ഹെപ്തുള്ള അഭിപ്രായപ്പെട്ടത് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇമാമിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സുഹൈല്‍ അഹമ്മദ് ഖാന്‍, അജയ് ഗൗതം, അഡ്വ. വി.കെ. ആനന്ദ് എന്നിവര്‍ മൂന്ന് പൊതുതാത്പര്യഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കി. 

ജുമാ മസ്ജിദ് വഖഫ് സ്വത്താണെന്നും ബുഖാരി അവിടത്തെ ജീവനക്കാരന്‍മാത്രമാണെന്നും അതിനാല്‍ മകനെ പിന്തുടര്‍ച്ചാവകാശിയായി നിയമിക്കാന്‍ അധികാരമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
കേസില്‍ വാദത്തിനിടെ ഇമാമിന്റെ നടപടിക്ക് നിയമസാധുതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ഇതേ നിലപാട് ഡല്‍ഹി വഖഫ് ബോര്‍ഡും സ്വീകരിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജുമാ മസ്ജിദ് പുരാവസ്തു പ്രാധാന്യമുള്ളതാണെന്നും അതിനാല്‍ സംരക്ഷണം ഏറ്റെടുക്കാമെന്നും ദേശീയ പുരാവസ്തുവകുപ്പും കോടതിയില്‍ പറഞ്ഞു.

വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോഴാണ് ഷാഹി ഇമാം ബുഖാരിയുടെ നടപടിക്ക് നിയമസാധുതയില്ലെന്ന് ചീഫ് ജസ്റ്റിസ് ജി. രോഹിണിയും ജസ്റ്റിസ് ആര്‍.എസ്. എന്‍ഡ്‌ലോയുമടങ്ങുന്ന ഹൈക്കോടതി ബെഞ്ച് അഭിപ്രായപ്പെട്ടത്. എന്നാല്‍, ശനിയാഴ്ചത്തെ സ്ഥാനാരോഹണച്ചടങ്ങ് കോടതി സ്റ്റേചെയ്തില്ല. 

ചടങ്ങ് നിയമവിരുദ്ധമല്ലെന്നും പക്ഷെ, ഇമാമിന് പ്രത്യേകമായി ഒരു അധികാരവും നല്‍കുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഡല്‍ഹി വഖഫ് ബോര്‍ഡ് ഇതുവരെ ബുഖാരിക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും കോടതി ചോദിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.