Latest News

ദേശീയ വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പെരുമ വാനോളം ഉയര്‍ത്തി കാസര്‍കോട്ടെ താരങ്ങള്‍

മുംബൈ: മഹാരാഷ്ട്രയിലെ നഗ്ലിയില്‍ നടന്നുവരുന്ന ദേശീയ വനിതാ വടംവലി ചാമ്പ്യന്‍ ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം.

വനിതകളുടെ വടംവലി മത്സരത്തിലാണ് കേരളത്തിന്റെ പെരുമ കാസര്‍കോട്ടെ താരങ്ങള്‍ വാനോളം ഉയര്‍ത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വനിതാ ടീമുകള്‍ പഞ്ചാബിനെ മുട്ടുകുത്തിച്ചാണ് വിജയ പഥത്തിലെത്തിയത്. 

വെള്ളരിക്കുണ്ട് ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ സിയാ മൈക്കിളാണ് ടീം ക്യാപ്റ്റന്‍. ഷൈജന്‍ ചാക്കോ ടീം കോച്ചാണ്. വെള്ളരിക്കുണ്ട് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളായ റാണി ജോസ്, നിസി, ജോസ്‌നാ ജോസ്, വീണാ എബ്രാഹാം, ടിസാ മാത്യു, അഞ്ജനാ ബിജു, അലീന ഷെര്‍ളി, അഞ്ജനാ ഫിലിപ്പ് ഇടുക്കി എന്നിവരാണ് മറ്റുതാരങ്ങള്‍. സിസ്റ്റര്‍ എല്‍സമ്മയാണ് ടീം കോച്ച്. സബ് ജൂനിയര്‍ വിഭാഗത്തില്‍ കേരളം മൂന്നാം സ്ഥാനം നേടി. 

സീനിയര്‍ വിഭാഗത്തില്‍ ബുധനാഴ്ചയും മത്സരം നടക്കുന്നുണ്ട്. നവംബര്‍ 23 നാണ് ദേശീയ വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പാരംഭിച്ചത്. വടംവലിയെ കായികയിനമായി സര്‍ക്കാര്‍ അംഗീകരിച്ച ശേഷം നടക്കുന്ന ആദ്യത്തെ ദേശീയ മത്സരമാണിത്.
കേരളം വടംവലി മത്സര രംഗത്ത് ഇതര സംസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയാവുകയാണ്. മികച്ച വടംവലി ടീമുകളാണ് കേരളത്തിലുള്ളത്. മത്സരത്തില്‍ വിജയം കൈവരിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കാന്‍ വിദഗ്ധരായ കോച്ചുകളാണ് കേരളാ ടീമിനുള്ളത്. 

സംസ്ഥാനത്തെ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് വടം വലി മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ഈ കായിക മത്സരത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. മൂവാറ്റുപുഴയില്‍ നവംബര്‍ 9ന് നടന്ന സംസ്ഥാന സീനിയര്‍ പുരുഷ- വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയാണ് ഒന്നാം സ്ഥാനം നേടിയത്. കൊല്ലത്ത് നടന്ന ജൂനിയര്‍ ബോയ്‌സ് ആന്റ് ഗേള്‍സ് വിഭാഗങ്ങളില്‍ കാസര്‍കോട് ജില്ലാടീം മുന്നിലെത്തുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.