Latest News

ദുബൈ ടാക്സി നിരക്ക് കൂടുന്നു; ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ദുബൈ: ഡിസംബര്‍ ഒന്ന് മുതല്‍ ദുബൈയിലെ ടാക്സി നിരക്ക് കൂട്ടുന്നു. നേരത്തെ ബുക് ചെയ്യാതെ റോഡരികില്‍ നിന്ന് ടാക്സിയില്‍ കയറുന്നവരുടെ മീറ്റര്‍ റീഡിങ് ഇനി അഞ്ച് ദിര്‍ഹത്തിലായിരിക്കും തുടങ്ങുക. ഇതുവരെ മൂന്ന് ദിര്‍ഹമായിരുന്നു. 

നേരത്തെ ബുക് ചെയ്യുന്ന ടാക്സികള്‍ക്ക് തിരക്കുള്ള സമയത്തും അല്ലാത്തപ്പോഴും നിരക്കുകളില്‍ ഇനി വ്യത്യാസമുണ്ടാകും. നോല്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ വഴി ടാക്സി ചാര്‍ജ് നല്‍കാനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ആര്‍.ടി.എ അറിയിച്ചു.
നേരത്തെ ബുക് ചെയ്യുന്ന ടാക്സികളില്‍ സാധാരണ സമയത്ത് എട്ട് ദിര്‍ഹത്തിലും തിരക്കുള്ള സമയത്ത് 12 ദിര്‍ഹത്തിലുമാണ് മീറ്റര്‍ റീഡിങ് തുടങ്ങുക. ഇതുവരെ ഇത് യഥാക്രമം ആറ്, 10 ദിര്‍ഹമായിരുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും രാത്രി എട്ട് മുതല്‍ രാവിലെ ഏഴുവരെയുമായിരിക്കും സാധാരണ സമയം. ശനി മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ 10 വരെയും വൈകിട്ട് നാലുമുതല്‍ എട്ട് വരെയും തിരക്കുള്ള സമയമായിരിക്കും. 

വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് നാലുമുതല്‍ രാത്രി 12 വരെയായിരിക്കും പീക്ക് സമയം. ദുബൈയിലെ എല്ലാ ടാക്സി ഫ്രാഞ്ചൈസികളിലും ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് ബാധകമായിരിക്കുമെന്ന് ആര്‍.ടി.എ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ ഡോ. യൂസുഫ് അല്‍ അലി പറഞ്ഞു. അടിസ്ഥാന നിരക്കില്‍ മാത്രമാണ് മാറ്റം വരുക. കിലോമീറ്ററിന് 1.71 ദിര്‍ഹം തന്നെയായിരിക്കും ഈടാക്കുക.
മൂന്നാഴ്ചക്കകം എല്ലാ ടാക്സി മീറ്ററുകളും പുതിയ നിരക്കിനനുസരിച്ച് പരിഷ്കരിക്കും. ദുബൈ മെട്രോ, ബസ്, ട്രാം നിരക്കുകള്‍ പരിഷ്കരിച്ചതിന്‍െറ തുടര്‍ച്ചയായാണ് ടാക്സി നിരക്കും ഉയര്‍ത്തിയിരിക്കുന്നത്. സേവനം കൂടുതല്‍ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍െറ ഭാഗമായാണ് നിരക്കില്‍ നേരിയ വര്‍ധന വരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 

യാത്രക്കാര്‍ക്കിടയിലും ടാക്സി ഡ്രൈവര്‍മാര്‍ക്കിടയിലും ഇതിനായി സര്‍വേ നടത്തിയിരുന്നു.
ലണ്ടന്‍, ന്യൂയോര്‍ക്ക്, ആംസ്റ്റര്‍ഡാം, പാരിസ്, സിങ്കപ്പൂര്‍, ടോക്കിയോ തുടങ്ങിയ നഗരങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ് ടാക്സിക്ക് ദുബൈയില്‍ ഈടാക്കുന്നത്. 

പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ ടാക്സി ഡ്രൈവര്‍മാരുടെ വരുമാനം വര്‍ധിക്കും. കുറഞ്ഞ ദൂരത്തേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിക്കുന്ന പ്രവണതക്ക് ഇതോടെ അറുതിയാകും. നോല്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ വഴി പണമടക്കാനുള്ള സംവിധാനം എയര്‍പോര്‍ട്ട് ടാക്സികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2015 പകുതിയോടെ എല്ലാ ടാക്സികളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Gulf News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.