Latest News

അഭിലാഷിന്റെ കൊല: അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കണം: ഡിവൈഎഫ്ഐ

കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. നിലവിലുള്ള അന്വേഷക സംഘത്തിലെ മുഴുവന്‍പേരെയും മാറ്റിനിര്‍ത്തണം.

തുടക്കംമുതല്‍ ഈ സംഘത്തിന്റെ അന്വേഷണം സംശയാസ്പദമായ രീതിയിലാണെന്നും രാജേഷ് പറഞ്ഞു. അഭിലാഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്തായി മീനാപ്പീസ് കടപ്പുറത്ത് നിരവധി അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഈ കേസുകളിലൊന്നും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഈ ക്രിമിനല്‍ സംഘത്തിന്റെ ഇടപെടല്‍ അഭിലാഷിന്റെ കൊലയ്ക്ക് പിന്നിലുണ്ടെന്ന സംശയം കടപ്പുറത്ത് ശക്തമാണ്.


കേസന്വേഷണത്തിന്റെ തുടക്കംമുതല്‍ ദുരൂഹമരണത്തെ നിസ്സാരമാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. അഭിലാഷിന്റെ ദേഹത്ത് കണ്ട മുറിവുകളും സഹപാഠികളുടെ മൊഴിയിലെ വൈരുധ്യവും സാഹചര്യത്തെളിവുകളുമെല്ലാം ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ഡിവൈഎഫ്ഐ നേതാക്കളും അന്വേഷക സംഘത്തെ ധരിപ്പിച്ചിട്ടും പൊലീസ് കാര്യമായി ഇടപെട്ടില്ല. 

സഹപാഠികള്‍ മാത്രമാണ് പ്രതികളെന്ന നിഗമനത്തിലെത്തിയ പൊലീസ് നിലപാട് വിശ്വാസയോഗ്യമല്ല. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന അന്വേഷക ഉദ്യോഗസ്ഥരില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി പ്രത്യേക സംഘത്തെ നിയോഗിക്കണം. അഭിലാഷിന്റെ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും കുടുംബത്തെ സഹായിക്കുമെന്ന് ടി വി രാജേഷ് എംഎല്‍എ വ്യക്തമാക്കി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.