Latest News

സി പി എം അജാനൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ വോട്ടെടുപ്പ്; സെക്രട്ടറി പുറത്ത്‌

അജാനൂര്‍: സി പി എം അജാനൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ അംഗങ്ങളെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പ് നടന്നു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലുള്ള ലോക്കല്‍ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍ പുറത്തായി.

ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എ വി സഞ്ജയനാണ് സി പി എമ്മിന്റെ പുതിയ അജാനൂര്‍ ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. നേതാക്കളുടെ സമവായ ചര്‍ച്ചകളൊന്നും വിലപ്പോയില്ല.

കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം സന്ധ്യയോടെയാണ് ലോക്കല്‍ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് സമ്മേളനം നീങ്ങിയത്. മെമ്പര്‍ഷിപ്പ് തോത് അനുസരിച്ച് 13 പേരെയാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കേണ്ടത്.

നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ എണ്ണവും 13 തന്നെയാണ്. ലോക്കല്‍ കമ്മിറ്റിയംഗമായ മഡിയനിലെ കണ്ണന്‍ ഒഴിവാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡി വൈ എഫ് ഐ നേതാവ് മഡിയനിലെ ഗംഗാധരനെ ലോക്കല്‍ കമ്മിറ്റിയംഗമായി ഉള്‍പ്പെടുത്താനുള്ള ധാരണ ഏതാണ്ട് സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞിരുന്നു.

ഇതിനിടയില്‍ കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കിഴക്കുംകരയിലെ കെ വിശ്വനാഥന്റെ പേരും കൂടി ഉയര്‍ന്ന് വന്നു. വിശ്വനാഥന്‍ പിന്മാറാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടത്തേണ്ടി വന്നു. 13 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടതെങ്കിലും 14 പേര്‍ രംഗത്ത് വന്നതോടെ വോട്ടെടുപ്പ് നടത്തേണ്ട അവസ്ഥ വന്നു. 47 വോട്ട് മാത്രം നേടിയ കെ വിശ്വനാഥന് ലോക്കല്‍ കമ്മിറ്റിയില്‍ എത്താനായില്ല. 

തിരഞ്ഞെടുപ്പില്‍ എ വി സഞ്ജയനും ഡി വൈ എഫ് ഐയുടെ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി ശിവജി വെള്ളിക്കോത്തിനുമാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. 84 വീതം. പുതുതായി ലോക്കല്‍ കമ്മിറ്റിയിലെത്തിയ ഡി വൈ എഫ് ഐ നേതാവ് ഗംഗാധരന് എഴുപതിലധികം വോട്ട് കിട്ടി. ഈ 13 പേര്‍ ചേര്‍ന്നാണ് ലോക്കല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടത്.

ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മൂലക്കണ്ടം പ്രഭാകരന്റെ പേര് ഉയര്‍ന്ന് വന്നു. പാര്‍ട്ടിയിലെ യുവ വിഭാഗം ഇതിനെതിരെ രംഗത്ത് വന്നു. ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. സമവായ ചര്‍ച്ചകള്‍ ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു. സി പി എം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ സമവായ ചര്‍ച്ചക്ക് രംഗത്ത് വന്നെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഒടുവില്‍ ലോക്കല്‍ സെക്രട്ടറിയെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടത്തേണ്ടി വന്നു.

സെക്രട്ടറി സ്ഥാനത്തേക്ക് മൂലക്കണ്ടം പ്രഭാകരന്റെ പേര് കാരക്കുഴിയിലെ രാഘവന്‍ നിര്‍ദ്ദേശിക്കുകയും അടോട്ട് കൂലോത്ത് വളപ്പിലെ രാജേഷ് പിന്താങ്ങുകയും ചെയ്തു. മുന്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചിരുന്ന വെള്ളിക്കോത്തെ എം കര്‍ത്തമ്പുവാണ് എ വി സഞ്ജയന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. മുന്‍ ഗ്രാമപഞ്ചായത്തംഗം നോര്‍ത്ത് കോട്ടച്ചേരിയിലെ കെ പി ബാലന്‍ പിന്‍താങ്ങുകയും ചെയ്തു. കൈപൊക്കിയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയാണ് നടന്നത്. എ വി സഞ്ജയനെ പത്ത് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ പിന്തുണച്ചു. നിലവിലുള്ള സെക്രട്ടറി മൂലക്കണ്ടം പ്രഭാകരനെ പിന്തുണച്ചത് മൂന്നുപേരാണ്.

ഇതോടെ എ വി സഞ്ജയന്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. അജാനൂര്‍ സി പി എമ്മില്‍ ഇതോടെ യുവ നിരക്ക് പ്രാധാന്യമേറി. ലോക്കല്‍ കമ്മിറ്റിയില്‍ യുവാക്കളുടെ പ്രാതിനിധ്യം ശ്രദ്ധേയമാണ്. വളരെ നാടകീയമായ നീക്കങ്ങളാണ് സമ്മേളനത്തില്‍ ആദ്യാവസാനം വരെ നീണ്ടുനിന്നതെന്ന് വ്യക്തം.

പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്ത് സമ്മേളനം പിരിയുമ്പോള്‍ രാത്രി ഏതാണ്ട് 11.30 മണി കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.