Latest News

മുന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ പി.സി സനല്‍കുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ കളക്ടറും അറിയപ്പെടുന്ന ഹാസസാഹിത്യകാരനുമായ പി.സി. സനല്‍കുമാര്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ പത്തരയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ ജില്ലാ കളക്ടറായിരുന്ന അദ്ദേഹം 2009 ജൂണ്‍ 30ന് ഗവണ്‍മെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്.

തിരുവനന്തപരുത്ത് നര്‍മ്മ കൈരളിയുടെ സ്ഥിരം സാന്നിധ്യമായിരുന്ന സനല്‍കുമാര്‍ കുറിക്കുകൊള്ളുന്ന നര്‍മ്മം ഉള്‍ക്കൊള്ളുന്ന നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. 'ഒരു ക്ലൂ തരാമോ', 'ഊമക്കത്തിന് ഉരിയാടാ മറുപടി', 'കളക്ടര്‍ കഥയെഴുതുകയാണ്', 'പാരഡീയം', 'നിങ്ങള്‍ ക്യൂവിലാണ്', 'വേനല്‍പ്പൂക്കള്‍' എന്നിവ പി.സി. സനല്‍കുമാറിന്റെ പുസ്തകങ്ങളാണ്. ഇതില്‍ 'കളക്ടര്‍ കഥയെഴുതുകയാണ്' എന്ന പുസ്തകം 2004ല്‍ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.

ഫിലിം ക്രിട്ടിക് അവാര്‍ഡ്, കണ്ണൂര്‍ നര്‍മ്മവേദിയുടെ സഞ്ജയന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ 'രമണന്‍' ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പി.സി. സനല്‍കുമാര്‍ എഴുതിയ 110 പാരഡി ഗാനങ്ങളുടെ സമാഹാരമാണ് 'പാരഡീയം'. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, എന്‍.എസ്.എസ്. കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്റര്‍, തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സനല്‍കുമാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം 2011 ജൂലായ് 3ന് അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം സ്വദേശിയായ പി. സി. സനല്‍കുമാര്‍ തിരുവനന്തപുരത്ത് കുണ്ടമണ്‍കടവിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ ഓമന.

അഡ്വ.ദീപക് ട്വിങ്കിള്‍, അപര്‍ണ സിംപിള്‍ (കെ.എസ്.ആര്‍.ടി.സി), രാഹുല്‍ ഹംബിള്‍ (ജീവന്‍ ടി.വി.) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: നിഷാദേവി (ജില്ലാ കോടതി, കൊല്ലം), ഷിബു (ബിസിനസ്), രമ. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.