Latest News

അഭിലാഷിന്റെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി; മയക്കുമരുന്ന് മാഫിയ നിരീക്ഷണത്തില്‍

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം തരം വിദ്യാര്‍ത്ഥി അഭിലാഷ് (15) ന്റെ മരണത്തില്‍ അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസിന്റെ പ്രാഥമികമായ നിഗമനം.

പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും, പോലീസ് സര്‍ജന്‍ എസ്. ഗോപാലകൃഷ്ണപ്പിള്ള സ്ഥലത്ത് നടത്തിയ പരിശോധനയിലും ഈ സൂചനയാണ് ലഭിക്കുന്നതെന്ന് ഹൊസ്ദുര്‍ഗ് സി.ഐ ടി.പി സുമേഷ് പറഞ്ഞു.

അതേ സമയം അഭിലാഷിന്റെ മരണത്തിന് പിന്നില്‍ ലഹരിമരുന്ന് മാഫിയയെന്ന് സംശയവും ബലപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരത്തിലെ ലഹരിമരുന്ന് മാഫിയയുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ ലഹരിമരുന്ന് കടത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

കുശാല്‍ നഗറും തീരപ്രദേശങ്ങളും കേന്ദ്രീകരിച്ച് കുട്ടികളെ ഉപയോഗിച്ച് ലഹരി കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ സംഘത്തില്‍പ്പെട്ട അഭിലാഷിന്റെ വീടിനടുത്തുള്ള അഞ്ച് വിദ്യാര്‍ഥികളെ ലഹരിമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കൗമാര കൗണ്‍സിലിങ് കേന്ദ്രത്തില്‍ ചികിത്സിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിന് മരണത്തില്‍ പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

അഭിലാഷിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ വെള്ളകെട്ടില്‍ തന്നെ മൃതദേഹം കണ്ടെത്തിയതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. പോളിടെക്‌നിക്കിന് സമീപത്ത് നിന്ന് അഭിലാഷിന്റെ പുസ്തകങ്ങളും ബാഗും കണ്ടെത്തിയതിനെ തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ നാട്ടുകാരും പൊലീസും വെള്ളകെട്ട് വിശദമായി പരിശോധിച്ചിരുന്നു. അപ്പോഴെന്നും കണ്ടെത്താത്ത മൃതദേഹം രാവിലെ കണ്ടെത്തിയതാണ് പൊലീസിനെ കുഴയ്ക്കുന്നത്. 

കൂടാതെ മൃതദേഹത്തിലെ മുറിവുകളിലും, കിടന്ന അവസ്ഥയിലും ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒരാള്‍ക്ക് മുങ്ങിമരിക്കാന്‍ മാത്രം വെള്ളം മൃതതദേഹം കണ്ടെത്തിയ വെള്ളകെട്ടിലില്ലെന്നു നാട്ടുകാരും ചൂണ്ടികാണിക്കുന്നു.


അഭിലാഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച രാത്രി നാട്ടിലെത്തിച്ച് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.