Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുനരധിവാസ ഗ്രാമ പദ്ധതി നടപ്പാക്കും : മന്ത്രി മുനീര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി രൂപ ചെലവില്‍ പുനരധിവാസ ഗ്രാമ പദ്ധതി നടപ്പിലാക്കുമെന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ അറിയിച്ചു. കാസര്‍കോട് മുനിസിപ്പല്‍ മൈതാനിയില്‍ ലളിതവും പ്രൗഡഗംഭീരവുമായ ചടങ്ങില്‍ മൂന്നു ദിവസത്തെ സാമൂഹികദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനരധിവാസഗ്രാമം സ്ഥാപിക്കുന്നതിനായി 25 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായി സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ പങ്കാളിത്തം നല്‍കി സഹകരിക്കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തും തയ്യാറായിട്ടുണ്ട്. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ദുരിതബാധിതര്‍ക്കായി ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 


എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ തൊഴില്‍ ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കായി പുനര്‍ജനി എന്ന പേരില്‍ സ്വയം തൊഴില്‍ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ ഇരുന്നൂറോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
സാമൂഹ്യനീതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അതേപ്പറ്റി ബന്ധപ്പെട്ടവരില്‍ അവബോധം സൃഷ്ടിക്കാനുമാണ് ഇത്തരത്തിലുളള ആഘോഷങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 


ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഈ രീതിയിലുളള ആഘോഷം. കഴിഞ്ഞ മൂന്ന് വര്‍ഷമായി വകുപ്പ് ഈ ആഘോഷം നടത്തിവരുന്നു. സ്വാഭാവികമായുളള ഒരു സമൂഹത്തിനപ്പുറം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി ഒരു ദിനം എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടരെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പുനരധിവസിപ്പിക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ലഭ്യമാകേണ്ട നീതിയെപ്പറ്റി ഉദ്യോഗസ്ഥരോട് സംവദിക്കുന്നതിനും പരാതിപ്പെടുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും സാമൂഹ്യദിനാഘോഷം വഴിയൊരുക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഓരോ വിഭാഗത്തെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇതിലൂടെ കഴിയുന്നു. 

സംസ്ഥാനത്ത് അഞ്ഞൂറോളം കുട്ടികള്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തികൊടുത്തതിലൂടെ അവര്‍ക്ക് സ്വന്തം അമ്മയുടെ മുഖത്ത് നോക്കി അമ്മേ എന്ന് വിളിക്കാന്‍ അവസരം ഒരുക്കി. ഇത് കൂടാതെ മുപ്പതിനായിരം അനാഥകുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍ നിന്ന് പഠിക്കാന്‍ വഴിയൊരുക്കി. ഹീമോഫീലിയ ബാധിച്ച കുട്ടികള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുന്ന പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കാസര്‍കോട ഈ തുക ഉടന്‍ വിതരണം ചെയ്യും. കുട്ടികളുടെ വൈകല്യം കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനും നടപടികളായിട്ടുണ്ട്. 

സാമൂഹ്യനീതി വകുപ്പ് ആവിഷ്‌ക്കരിച്ച ഷീടാക്‌സി പദ്ധതിയിലൂടെ ഒരു സ്ത്രീക്ക് ഒരുമാസം 50000 രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നതായി മന്ത്രി പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുളള വീട് നിര്‍മ്മാണത്തിനും ദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ നല്‍കിവരുന്ന രണ്ട് ലക്ഷം രൂപയുടെ ധനസഹായം മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം എടുത്ത്ിട്ടുണ്ട്. ആര്‍ക്കും പരാതിയും പ്രശ്‌നവുമില്ലാതെ പരിഹാരം കാണുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സര്‍വ്വപിന്തുണയ്ക്കും മന്ത്രി മുനീര്‍ നന്ദി പറഞ്ഞു. മുന്‍കരുതലുകള്‍ക്കെന്നും പ്രാധാന്യം നല്‍കുന്ന മുഖ്യമന്ത്രിയുടെ പിന്‍ബലമാണ് കരുത്ത് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.