Latest News

പിഞ്ചുകുഞ്ഞിന് പേ ഇളകിയതായുള്ള വ്യാജ പ്രചരണം; അന്വേഷണം തുടങ്ങി

കാസര്‍കോട്: കഴിഞ്ഞ മൂന്ന് ദിവസമായി വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശം ജനങ്ങളെയും ആരോഗ്യ വകുപ്പിനെയും ആശങ്കയിലാഴ്ത്തി. പള്ളിക്കരയില്‍ കീരിയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞിന് പേ ഇളകിയതായുള്ള വ്യാജ പ്രചരണം. വിദേശത്തുനിന്ന് വാട്ട്‌സ് ആപ്പ് വഴി പ്രചരിച്ച വാര്‍ത്താ രൂപത്തിലുള്ള ഒരു ശബ്ദസന്ദേശമാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്.

ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിന് പേ ഇളകിയതായും മരുന്ന് കുത്തിവച്ച് കൊല്ലാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായുമാണ് ശബ്ദസന്ദേശമാണ് പ്രചരിച്ചത്. സംഭവമറിഞ്ഞ് കുട്ടിയുടെ പിതാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചതായും സന്ദേശത്തില്‍ പറയുന്നു. നിരവധി പേരിലൂടെ കടന്നുപോയതിനെ തുടര്‍ന്ന് സന്ദേശത്തിന്റെ ഉറവിടം ലഭിച്ചിട്ടില്ല. വിദേശത്ത് നിന്നടക്കം അനേകം പേരാണ് സംഭവം അന്വേഷിച്ച് നാട്ടിലേക്ക് വിളിക്കുന്നത്. ഒരു പിഞ്ചു കുഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോ ചേര്‍ത്തും ചിലര്‍ ഇക്കാര്യം പ്രചരിപ്പിക്കുന്നുണ്ട്. 

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പ്രചരണത്തിന് ശക്തി കൂടിയത്.കുഞ്ഞിനെ കീരി മാന്തുകയായിരുന്നുവെന്നും വീട്ടുകാരുടെ അശ്രദ്ധ കാരണമാണ് കുഞ്ഞിന് ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കണ്ടെതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. സന്ദേശത്തിന്റെ ഒടുവിലായി കുഞ്ഞിന്റെ രോഗ ശാന്തിക്കായി പ്രാര്‍ത്ഥന നടത്താനും പറയുന്നുണ്ട്. 

കണ്ണൂര്‍ തിക്കോടി പ്രദേശത്ത് കീരിയുടെ ആക്രമണം പതിവായതും കഴിഞ്ഞ ദിവസം പേയിളകിയ പശുവിനെ മരുന്ന് കുത്തിവച്ച് കൊന്നതും സന്ദേശത്തിന്റെ പ്രചാരത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാല്‍ സന്ദേശത്തില്‍ പറയുന്ന പള്ളിക്കര എന്ന സ്ഥലം കാസര്‍കോട്, ഏറണാകുളം ജില്ലകളിലും ഉണ്ട്, സന്ദേശത്തില്‍ എവിടെയുള്ള പള്ളിക്കരയെന്ന് വ്യക്തമാക്കുന്നില്ല. അത് പോലെ കുട്ടിയെന്ന് പറയുന്നതല്ലാതെ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് പോലും വ്യക്തമല്ല. 

നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരത്തെ ഇവിടെ കീരിയുടെ കടിയേറ്റിരുന്നു. മനുഷ്യരെയും കൊച്ചുകുട്ടികളെയും കീരി കടിച്ചിട്ടുണ്ട്. എന്നാല്‍ പേയിളകിയ വിവരം ഇതുവരെ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസിനോ ആരോഗ്യ വകുപ്പിനോ ഇത് സംബന്ധമായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.