Latest News

മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വര്‍ഷത്തിന് ശേഷം പിടിയില്‍

കണ്ണൂര്‍ : ഇരുപത്തിനാല് വര്‍ഷം മുമ്പ് വീടിന്റെ ജനലഴികള്‍ അറുത്ത് മാറ്റി കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി പിടിയിലായി. തായത്തെരുവിലെ നാസറി(45) നെയാണ് ജില്ലാ പോലീസ് സുപ്രണ്ടിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം അദ്ദേഹത്തിന്റെ കക്കാട്ടെ ബന്ധുവീട്ടിനടുത്ത് വെച്ച് പിടികൂടിയത്.

വര്‍ഷങ്ങളായി ഇയാള്‍ ഗള്‍ഫില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയതെന്ന് കണ്ണൂര്‍ ടൗണ്‍ ഗ്രേഡ് എസ് ഐ അബ്ദുല്‍ മജീദ് പറഞ്ഞു.

1990 ഒക്‌ടോബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. തായതെരുവിലെ ഉദരം കുന്നുമ്മല്‍ ആയിഷ കുഞ്ഞിയുടെ വീട്ടിലാണ് അയല്‍വാസിയായ നാസറും നൗഷാദും കവര്‍ച്ച നടത്തിയത്. വീടിന്റെ അടുക്കള ഭാഗത്തെ ജനാല മരപ്പടികള്‍ അറുത്ത് മാറ്റി കിടപ്പറയില്‍ കടന്ന് ആയിഷ കുഞ്ഞി കഴുത്തിലണിഞ്ഞ രണ്ടരപവന്റെ മാല കവര്‍ന്നെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം.

തലേന്ന് സുഹൃത്തുക്കളോടും മറ്റും ടൂര്‍പോകുന്നുവെന്ന് പ്രചരണം നടത്തിയിരുന്നു. അന്ന് പുലര്‍ച്ചെയാണ് ആയിഷ കുഞ്ഞിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അന്നത്തെ ടൗണ്‍ എസ് ഐ പ്രതികളെ വലയിലാക്കിയത്.

പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു. ഇതിനിടയില്‍ കൂട്ടുപ്രതിയായ നൗഷാദ് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാവുകയും കുറ്റക്കാരനല്ലെന്ന് കണ്ട് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിട്ടയക്കുകയും ചെയ്തിരുന്നു. നാസറിനെ കോടതിയില്‍ ഹാജരാക്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.