Latest News

കര്‍ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണിനു നിരോധനം

ബംഗളൂരു: എംഎല്‍എമാരുടെ മൊബൈല്‍ ഉപയോഗം ബെലാഗവിയില്‍ നടന്നുവരുന്ന കര്‍ണാടക നിയമസഭയുടെ ശീതകാലസമ്മേളനത്തെ പ്രക്ഷുബ്ധമാക്കുന്നതിനിടെ നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു.

ഭരണ, പ്രതിപക്ഷ എംഎല്‍എമാര്‍ സഭാനടപടികള്‍ക്കിടെ മൊബൈല്‍ ഫോണില്‍ മുഴുകിയ സംഭവങ്ങള്‍ വന്‍ വിവാദമായതിനു പിന്നാലെയാണ് ഈ നടപടി. ബുധനാഴ്ച സഭാ നടപടികള്‍ക്കിടെ മൊബൈലില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ളവരുടെ ചിത്രങ്ങള്‍ കണ്ട ബിജെപി എംഎല്‍എ പ്രഭു ചവാനെ ഒരു ദിവസത്തേക്കു സഭാനടപടികളില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ കഗോദു തിമ്മപ്പ അറിയിച്ചു. ചവാന്റെ നടപടി മാന്യതയ്ക്കു നിരക്കാത്തതാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ചവാന്‍ മൊബൈലിലെ ചിത്രം സൂം ചെയ്ത് ആസ്വദിക്കുന്ന ബുധനാഴ്ചത്തെ ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇതോടെ സംഭവം നിയമസഭയില്‍ ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മിലുള്ള കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു. നിയമസഭയില്‍ വിഷയം ഉയര്‍ത്തിയ ഭരണപക്ഷ എംഎല്‍എമാര്‍ ചവാനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, മന്ത്രി അംബരീഷ്, കോണ്‍ഗ്രസ് എംഎല്‍എ എസ്.എസ്. മല്ലികാര്‍ജുന്‍ എന്നിവര്‍ ചൊവ്വാഴ്ച സഭയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ട സംഭവം ചൂണ്ടിക്കാട്ടിയാണു ബിജെപി പ്രതിരോധിച്ചത്.

സഭാനടപടികള്‍ക്കിടെ മൊബൈല്‍ ഫോണില്‍ മുഴുകിയ ബിജെപിയിലെ രണ്ട് എംഎല്‍എമാരാണ് കാമറയില്‍ കുടുങ്ങിയത്. സഭാനടപടികള്‍ നടക്കുമ്പോള്‍ എംഎല്‍എ പ്രഭു ചവാന്‍ മൊബൈല്‍ ഫോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജീവ് ഗാന്ധി, പ്രിയങ്ക ഗാന്ധി, നടന്‍ റിതേഷ് ദേശ്മുഖ് എന്നിവരുടെ ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ചിത്രം ചവാന്‍ സൂം ചെയ്തു കാണുന്നതും ചാനലുകള്‍ കാമറയില്‍ പകര്‍ത്തി.

അതേസമയം, താന്‍ ചിത്രത്തിലെ അടിക്കുറിപ്പ് വായിക്കാന്‍ സൂം ചെയ്തതാണെന്നാണ് അദ്ദേഹം പിന്നീടു മാധ്യമങ്ങളോടു പ്രതികരിച്ചത്. സഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു തെറ്റായിപ്പോയെന്നും അദ്ദേഹം സമ്മതിച്ചു. സഭയില്‍ കരിമ്പു കര്‍ഷകരുടെ പ്രശ്‌നത്തില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ മറ്റൊരു ബിജെപി എംഎല്‍എയായ യു.ബി. ബനാകര്‍ മൊബൈല്‍ ഫോണില്‍ ഗെയിമിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീടു പ്രാദേശിക ചാനലുകളാണു വാര്‍ത്തയാക്കിയത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.