Latest News

രമേശനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി; അന്വേഷണം മുംബൈയിലേക്കും

കാഞ്ഞങ്ങാട് : വ്യാജ പാസ്‌പോര്‍ട്ടുകളും അനധികൃത സര്‍ട്ടിഫിക്കറ്റുകളുമായി പോലീസ് പിടിയിലായ കാഞ്ഞങ്ങാട് മുത്തപ്പനാര്‍ കാവിനടുത്ത് താമസിക്കുന്ന ടി രമേശനെ ചൊവ്വാഴ്ച ഒരു മണിക്കൂര്‍ നേരം തോയമ്മലിലെ ജില്ലാ ജയിലില്‍ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) രാജീവ് വാച്ചാല്‍ കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള ആഭ്യന്തര സുരക്ഷാ അന്വേഷണ ഏജന്‍സി ഡി വൈ എസ് പി ക്ക് അനുമതി നല്‍കി.

കാഞ്ഞങ്ങാട് മേഖലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 150 ഓളം വ്യാജ പാസ്‌പോര്‍ട്ട്‌കേസിന്റെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി രമേശനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി ഒരു മണിക്കൂര്‍ നേരം ജയിലില്‍ വെച്ച് രമേശനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി.

150 വ്യാജ പാസ്‌പോര്‍ട്ട് കേസുകളിലും വ്യാജ രേഖകള്‍ നിര്‍മ്മിച്ചതുമായി രമേശന് ബന്ധമുണ്ടെന്ന് വിശ്വാസ്യ യോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ ക്രൈംബ്രാഞ്ച് ധരിപ്പിച്ചു.

അതിനിടെ രമേശനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ് തിങ്കളാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ കേസിന്റെ അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിക്കുന്നുണ്ട്.

രമേശിന്റെ വീട്ടില്‍ നിന്നും മറ്റുമായി പോലീസ് കണ്ടെടുത്ത വ്യാജപാസ്‌പോര്‍ട്ടുകളുടെ ഉറവിടം കണ്ടെത്തുന്നതിനാണ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ട് ബുക്കുകള്‍ മുംബൈയില്‍ നിന്ന് തയ്യാറാക്കി വാങ്ങിച്ചതാണെന്ന് രമേശന്‍ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മുംബൈയിലേക്ക് പോകുന്നത്.

വ്യാജ പാസ്‌പോര്‍ട്ടുകളും അനധികൃത സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കി കക്ഷികള്‍ക്ക് നല്‍കുമ്പോള്‍ ഇടനിലക്കാരില്ല എന്ന് രമേശന്‍ ഉറപ്പു വരുത്താറുണ്ട്.
പ്രതിഫല തുക കഴിയുന്നതും ബാങ്ക് അക്കൗണ്ടുകള്‍ വഴി നിക്ഷേപിക്കാനാണ് രമേശന്‍ നിര്‍ദ്ദേശിക്കാറുള്ളത്. രമേശന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഒന്നൊന്നായി പോലീസ് പരിശോധിച്ചു വരികയാണ്.

പോലീസ് ഇപ്പോള്‍ കണ്ടെടുത്ത അമ്പതിലധികം വരുന്ന വ്യാജ പാസ്‌പോര്‍ട്ടുകളിലും സര്‍ട്ടിഫിക്കറ്റിലുമുള്ള മേല്‍വിലാസക്കാരെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു. ഇവരില്‍ പലരും അന്യ സംസ്ഥാനത്തുള്ളവരും വിദേശത്ത് ഇപ്പോള്‍ കഴിയുന്നവരുമാണ്. അതു കൊണ്ട് 
തന്നെ അന്വേഷണം അത്ര എളുപ്പമല്ലെന്ന് ലോക്കല്‍ പോലീസ് കരുതുന്നു.

രമേശന്റെ സുഹൃത്ത് ബന്ധത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണവും നടന്നു വരികയാണ്. രമേശന്റെ സഹായിയാണെന്ന് കരുതുന്ന പനങ്കാവി സ്വദേശിയുടെ കൊവ്വല്‍ പള്ളിയിലെ വീട്ടിലും കോട്ടച്ചേരി ബസ് സ്റ്റാന്റിനു പിറക് വശത്തെ വിദ്യാഭ്യാസ സ്ഥാപന സമുച്ഛയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തിലും പോലീസ് റെയ്ഡ് നടത്തി. സംശയമുള്ള പലരുടെയും പിന്നാലെ രഹസ്യ പോലീസ് നിരീക്ഷണ വലയമൊരുക്കിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.