Latest News

വ്യാജ മണല്‍പാസ് നിര്‍മ്മാണം : കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്; 3 പേര്‍ക്കെതിരെ കേസ്, നിരവധി രേഖകള്‍ കണ്ടെടുത്തു

കാസര്‍കോട് : വ്യാജ മണല്‍ പാസ് നിര്‍മ്മിക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും കമ്പ്യൂട്ടര്‍ സെന്ററുകളില്‍ പോലീസ് റെയ്ഡ്. രണ്ടു സ്ഥലങ്ങളിലുമായി മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

കാസര്‍കോട് നായക് റോഡിലെ ബ്രൈറ്റ് എജ്യുക്കേഷന്‍ സെന്ററിലാണ് ബുധനാഴ്ച കാസര്‍കോട് അഡീഷണല്‍ എസ് ഐ മൈക്കിളിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. വ്യാജ മണല്‍ പാസിന്റെ ഏതാനും കോപ്പികളും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ചില സര്‍ട്ടിഫിക്കറ്റുകളും ഒരു സീലും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബ്രൈറ്റ് എജ്യുക്കേഷല്‍ സെന്റര്‍ ഉടമ അബ്ദുല്‍ ശരീഫിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. 

സര്‍ക്കാര്‍ മുദ്രയും മറ്റും വ്യാജമായി നിര്‍മ്മിച്ച് നൂറുകണക്കിന് ലോഡ് മണല്‍ കടത്തിയതായി റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ്.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഴ്‌സിംഗ് ഹോമിനടുത്തെ മാള്‍ ഓഫ് ഇന്ത്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രിന്റേജ് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ കാഞ്ഞങ്ങാട് സി ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എം എസ് എഫ് ജില്ലാ ഭാരവാഹി ആബിദ് ആറങ്ങാടി, സഹീര്‍ എന്നിവര്‍ക്കെതിരെ കാഞ്ഞങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കാസര്‍കോട്ടെയും റെയ്ഡ്. സംഭവവമായി ബന്ധപ്പെട്ട് ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്. ബദിയഡുക്കയിലെ ഒരു വീട്ടിലും റെയ്ഡ് നടത്തിയതായി പോലീസ് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.