കാഞ്ഞങ്ങാട് : അജാനൂര്‍ ഇട്ടമ്മല്‍ ഇഖ്ബാല്‍ ഹൈസ്‌കൂളിനടുത്ത് താമസിക്കുന്ന റംഷീദ് വാഹനാപകടത്തില്‍പെട്ട് മരിച്ചുവെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ധൃതി കാട്ടിയതായി പിതാവ് കെ കെ മുഹമ്മദ്കുഞ്ഞി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തന്റെ മകന്റെ ദുരൂഹ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തിങ്കളഴ്ചകാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഹമ്മദ് കുഞ്ഞി വേദനയോടെ ഈ ആവശ്യം ഉന്നയിച്ചത്.
ഒക്‌ടോബര്‍ 16 ന് പുലര്‍ച്ചെ മുക്കൂട് ജീലാനി മസ്ജിദിന് സമീപം ദുരൂഹ സാഹചര്യത്തില്‍ വാഹനമിടിച്ചാണ് റംഷീദ് മരണപ്പെട്ടത്. ഇതിന് തലേന്ന് വൈകിട്ട് 4.30 ന് റംഷീദിന്റെ വീട്ടില്‍ വന്ന അയല്‍വാസിയായ അഫ്‌സല്‍ ഒരു അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞ് റംഷീദിനെ കൂട്ടിക്കൊണ്ടുപോയിരുന്നു.
അരമണിക്കൂര്‍ കഴിഞ്ഞ് അഫ്‌സല്‍ മാത്രം വീണ്ടും അന്വേഷിച്ച് വന്നപ്പോള്‍ കുറച്ച് മുമ്പ് തന്റെ കൂടെയാണല്ലോ റംഷീദ് ഇവിടെ നിന്ന് പോയതെന്ന് ഉമ്മ കുഞ്ഞായിസു പറഞ്ഞപ്പോള്‍ അഫ്‌സല്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് തിരിച്ച് പോയി. 16 ന് അര്‍ദ്ധരാത്രി 12.30 മണിക്ക് റംഷീദിന് അപകടം പറ്റിയതെന്ന വിവരം അറിഞ്ഞതെന്നും ആശുപത്രിയിലെത്തുമ്പോഴേക്കും റംഷീദിന്റെ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞതെന്നും മുഹമ്മദ് കുഞ്ഞി വിശദീകരിച്ചു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അപ്പോള്‍ തന്നെ പോലീസിനെ അറിയിച്ചിരുന്നു. അഫ്‌സലും മറ്റൊരു സുഹൃത്ത് ഖലീലും ചേര്‍ന്നാണ് റംഷീദിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിറ്റേ ദിവസം തന്നെ അവരെ വിട്ടയക്കുകയായിരുന്നുവെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ ആരോപണം.
റംഷീദിന്റെ മൃതദേഹത്തില്‍ 18 മുറിവുകളുണ്ടായതായി പരിയാരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തലക്കേറ്റ മുറിവും ശരീരം 20 മീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയ പാടുകളും റംഷീദിന്റെ ദേഹത്തുണ്ടായിരുന്നു.
ഇതൊന്നും പരിഗണിക്കുകയോ വേണ്ടത്ര പരിശോധന നടത്തുകയോ ചെയ്യാതെ വാഹനാപകടത്തില്‍ മരിച്ചുവെന്ന നിലയില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത കേസുമാത്രമാണ് ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. അപകട സ്ഥലവും വാഹനങ്ങളുടെ ദിശയും കസ്റ്റഡിയിലെടുത്ത അഫ്‌സലിന്റെയും ഖലീലിന്റെയും ഫോണ്‍ കോളുകളും പരിശോധിക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് മുഹമ്മദ് കുഞ്ഞി കുറ്റപ്പെടുത്തുന്നത്.
അപകടം പറ്റിയ കാറും ബൈക്കും ഉടന്‍ തന്നെ വിട്ടുകൊടുത്ത് അറ്റകുറ്റപ്പണി നടത്താന്‍ സൗകര്യം ഒരുക്കിയതിലൂടെ തെളിവുകള്‍ നഷ്ടപ്പെടുത്താന്‍ പോലീസ് തന്നെ സാഹചര്യം ഒരുക്കിയത് സംശയത്തിന് ഇടനല്‍കുന്നുവെന്നും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും മുഹമ്മദ് കുഞ്ഞിയും ബന്ധുക്കളായ തന്‍സീറും ഷംസീറും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡി ജി പിക്കും ഡി ഐ ജിക്കും മുഹമ്മദ് കുഞ്ഞി ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
No comments:
Post a Comment