Latest News

ഇസ്‌ലാമിക് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

കാസര്‍കോട്: ഇസ്‌ലാമിക് ബാങ്ക് തട്ടിപ്പ് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ചാടി രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ സ്വദേശി ജലാലുദ്ദീനാ (30) ണ് കാസര്‍കോട് പോലീസ് ലോക്കപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ ലോക്കപ്പിന് പുറത്ത് ഇരുത്തിയിരുന്ന ജലാലുദ്ദീന്‍ തന്ത്രപൂര്‍വ്വം സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട ഉടനെ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

ജലാലുദ്ദീനെ കണ്ടെത്തുന്നതിനായി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും സംശയമുള്ള വാഹനങ്ങളിലും പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

പഴയ സ്വര്‍ണ്ണം വിലക്കെടുത്ത് വന്‍കിട ജ്വല്ലറികള്‍ക്ക് കൈമാറുന്ന ബിസിനസ്സ് കൂടിയുള്ള ജലാലുദ്ദീന്‍ സ്വര്‍ണ്ണത്തിന് പലിശ രഹിത വായ്പ എന്ന പേരിലായിരുന്നു ആളുകളില്‍ നിന്ന് പണം തട്ടിയത്. തട്ടിപ്പിന് മറയായി ഫറൂഖ് റെയില്‍വെ സ്റ്റേഷനടുത്ത് ഫറൂഖ് ആശുപത്രി കോംപ്ലക്‌സില്‍ ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങിയിരുന്നു.
ജലാലുദ്ദീനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. 

ജലാലുദ്ദീന്റെ തട്ടിപ്പില്‍ കുടുങ്ങി ബിസിനസ്സ് പാര്‍ട്ണര്‍ പെരിമുഖം കള്ളിത്തൊടി സ്വദേശിയായ മുസ്തഫ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജില്ലയില്‍ അഞ്ച് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങി തട്ടിപ്പിനുള്ള ശ്രമം തുടങ്ങുന്നതിന് വേണ്ടി കഴിഞ്ഞ കുറേ നാളുകളായി നിരന്തരം ജലാലുദ്ദീന്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും വന്നു പോകാറുണ്ട്.

ഇതിനിടയില്‍ കാസര്‍കോട്ടെ ഒരു ജ്വല്ലറി ഉടമക്ക് പഴയ സ്വര്‍ണ്ണം കൈമാറിയ ഇടപാടുമായി ബന്ധപ്പെട്ട് ജലാലുദ്ദീന്‍ പണം നല്‍കാനുണ്ടെന്ന പരാതി ഉയര്‍ന്ന് വന്നു. ജ്വല്ലറി ഉടമ തന്നെ കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കാസര്‍കോട്ടുണ്ടായിരുന്ന ജലാലുദ്ദീനെ അന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇസ്‌ലാമിക് ബാങ്കിങ് തട്ടിപ്പിന് കാസര്‍കോട്ടും കളമൊരുങ്ങുന്നു


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.