Latest News

വധശ്രമം: ലീഗ്‌നേതാവിനും മകനും മരുമകനും നാല് വര്‍ഷം തടവ്‌

കാസര്‍കോട്: സി.പി.എം അനുഭാവിയെ മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ മുസ്ലീം ലീഗിന്റെ മുന്‍ ഗ്രാമപഞ്ചായത്തംഗത്തിനെയും, മകനെയും മകളുടെ ഭര്‍ത്താവിനെയും നാലുവര്‍ഷം തടവിനും കാല്‍ലക്ഷം രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു.

ചെങ്കള നാലാം മൈലിലെ എഞ്ചിനീയറിംഗ് കട ഉടമ ചേരൂരിലെ പി.കെ. മുഹമ്മദ് കുഞ്ഞിയെ വധിക്കാന്‍ ശ്രമിച്ച കേസാണിത്. 1999 ഒക്‌ടോബര്‍ 21 ന് രാവിലെ 8.45നാണ് കേസിനാസ്പദമായ സംഭവം ചേരൂര്‍ ബസ്‌സ്റ്റോപ്പിന് സമീപത്ത് നടന്നത്.

അന്ന് ചേരൂര്‍ വാര്‍ഡിനെ പ്രതിനിധീകരിച്ച മുന്‍ മെമ്പര്‍ ചേരൂര്‍ ചെറിയവീട്ടിലെ സി.എ. മൊയ്തീന്‍കുഞ്ഞി (77) ഇപ്പോള്‍ ഗള്‍ഫിലുള്ള മകന്‍ നസീര്‍, മകളുടെ ഭര്‍ത്താവ് പൂച്ചക്കാട്ടെ അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് കാസര്‍കോട് അസിസ്റ്റന്റ് സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്.
സംഭവ ദിവസം ചേരൂരിലെ വീട്ടില്‍ നിന്ന്, അന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന മകള്‍ സൗജാനയുമൊന്നിച്ച് വരുമ്പോഴാണ് പിഞ്ചുകുഞ്ഞിന്റെ മുമ്പിലിട്ട് പിതാവിനെ അക്രമിച്ചത്.

വധിക്കണമെന്ന ഉദ്ദേശത്തോടെ നടന്ന അക്രമണത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ ഇരുകൈകാലുകളും തല്ലിയൊടിച്ചു. തലക്ക് ഇരുമ്പുവടികൊണ്ട് മാരകമായി അടിച്ച് പരിക്കേല്‍പ്പിക്കു കയും ചെയ്തു. കേസിലെ മുഖ്യസാക്ഷി മകള്‍ സൗജാനയായിരുന്നു.
കേസിലാകെ അഞ്ച് പ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ കെ. മുഹമ്മദ് ഷാഫി എന്ന കോഴി ഷാഫി, അബ്ദുല്ലക്കുഞ്ഞി എന്നിവരെ കോടതി വെറുതെവിട്ടു.

തലശ്ശേരിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എ.എം. വിശ്വനാഥന്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു. അഡ്വ. ഗിരീഷും കോടതിയില്‍ ഹാജരായി.
ഒന്നര പതിറ്റാണ്ടിന് മുമ്പ് നടന്ന ഈ സംഭവത്തിന്റെ വിചാരണ നാല് ജഡ്ജിമാരുടെ മുമ്പിലാണ് നടന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതിനെത്തുടര്‍ന്ന് പുനരന്വേഷണം നടത്തിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

കേസില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഒന്നാംപ്രതി മൊയ്തീന്‍ കുഞ്ഞി തുടര്‍ച്ചയായി പഞ്ചായത്ത് യോഗത്തില്‍ ഹാജരാകാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പഞ്ചായത്തംഗത്വം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പി.കെ. മുഹമ്മദ് കുഞ്ഞി കാസര്‍കോട്ടെയും മംഗലാപുരത്തെയും ആശുപത്രികളില്‍ ഏറെക്കാലം ചികിത്സയിലായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.