Latest News

ഖാസിയുടെ മരണം: എസ്.ഐ.ടി.ഉദ്യോഗസ്ഥന്‍ കാസര്‍കോട്ടെത്തി

കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ സാഹചര്യത്തില്‍ ചെമ്പിരിക്ക കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിനെ കുറിച്ച് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി.) പ്രാഥമിക അന്വേഷണം ആരംഭിച്ചു. 

കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടെനത്തി ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഖാസിയുടെ ബന്ധുക്കളില്‍ നിന്നും സമര സമിതി നേതാക്കളില്‍ നിന്നും ശേഖരിച്ചു വരികയാണ്.

ഖാസിയുടെ മരണത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ഉദുമ മണ്ഡലം യൂത്ത് ലീഗിന്റെ നിവേദക സംഘം ഈയിടെ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനു നിവേദനം നല്‍കിയിരുന്നു. യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ട്രഷറര്‍ പി.എച്ച് ഹാരിസ് തൊട്ടി, ജില്ലാ ട്രഷറര്‍ കെ.ബി.എം ഷെരീഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.എല്‍ റഷീദ് ഹാജി തുടങ്ങിയവരാണ് ആഭ്യന്തര മന്ത്രിയെ കണ്ടത്. 

കേസ് അന്വേഷണം എസ്.ഐ.ടി.യെ ഏല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അന്ന് യൂത്ത്‌ലീഗിന്റെ നിവേദക സംഘത്തിന് ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഡല്‍ഹിയിലെത്തിയ യൂത്ത്‌ലീഗ് നേതാക്കള്‍ മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് എം.പിയുമായി വിഷയം ചര്‍ച്ചചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഇ.അഹമ്മദ് എം.പി ആഭ്യന്തര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രാഥമിക അനേഷണത്തിനായി കാസര്‍കോട്ടെത്തിയത്. ഈ ഉദ്യോഗസ്ഥന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനേഷണം എസ്.ഐ.ടി ഏറെറടുക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകു.
അതിനിടെ എസ്.ഐ.ടി. കേസ് അന്വേഷണം ഏറ്റെടുക്കുകയാണെങ്കില്‍ ചിലപ്പോള്‍ ഖാസിയുടെ ഖബര്‍ തുറന്നുള്ള പരിശോധന വരെ വേണ്ടിവന്നേക്കുമെന്ന് കേന്ദ്രത്തില്‍ നിന്നും അറിയിച്ചതായി മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ. അഹമ്മദ് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഖബര്‍ തുറന്നുള്ള പരിശോധന ആവശ്യമായി വരുന്ന പക്ഷം വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന എതിര്‍പ്പുകള്‍ ഏത് രീതിയില്‍ തരണം ചെയ്യുമെന്നും അദ്ദേഹം ആരാഞ്ഞു.

ഖബര്‍ തുറന്നുള്ള പരിശോധനയ്ക്ക് സമ്മതമാണെങ്കില്‍ അക്കാര്യം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ച് എസ്.ഐ.ടി അന്വേഷണം ആരംഭിക്കാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ കഴിയുമെന്നും ഇ. അഹമ്മദ് കൂട്ടിച്ചേര്‍ത്തു. കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജിയുടെ മകളുടെ വിവാഹത്തിനും, പി.ബി അഹ്മദിന്റെ മകന്‍ തൗസീഫിന്റെ വിവാഹത്തിനും പങ്കെടുക്കാന്‍ ഞായറാഴ്ച കാസര്‍കോട് എത്തിയതായിരുന്നു ഇ. അഹമ്മദ് എം.പി.

എസ്.ഐ.ടി. അന്വേഷണം സംബന്ധിച്ചും ഖബര്‍ തുറന്നുള്ള പരിശോധന വേണ്ടിവന്നാല്‍ കൈകൊള്ളേണ്ട കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 26നു രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ സമസ്ത നേതാക്കളുടെയും മുസ്ലിം ലീഗ് ജില്ലാ നേതാക്കളുടെയും ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ്, നേതാക്കളുടെയും സംയുക്ത യോഗം വിളിച്ചിട്ടുണ്ട്. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്നിനെയും, പി.ബി അബ്ദുര്‍ റസാഖിനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

2010 ഫെബ്രുവരി 15നാണ് സി എം അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്ക കടുക്ക കല്ലിനു സമീപത്തായി കടലില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.