Latest News

ബൈക്കില്‍ കാര്‍ ഇടിച്ചു വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി: ദേശീയപാതയില്‍ പുതിയകാവിനു സമീപം ബൈക്കില്‍ കാര്‍ ഇടിച്ചു കുലശേഖരപുരം നീലികുളം വയ്യാവീട്ടില്‍ ഷീല (ഗ്ലോറി-55) മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍ എടുത്തു. ആലപ്പുഴ ചേപ്പാട് മുട്ടം ഇഞ്ചകോട്ടയില്‍ വീട്ടില്‍ ശിവന്‍കുട്ടിയെ (52) ആണു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ. വിദ്യാധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ശിവന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണു കാര്‍ പിടികൂടിയത്. കാര്‍ ഓടിച്ചിരുന്ന നീലികുളം ചെമ്മാന്‍ചേരില്‍ അനില്‍കുമാറിന്റെ ഭാര്യാപിതാവാണു നാലാംപ്രതി ശിവന്‍കുട്ടി. അനില്‍കുമാര്‍, കാറില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്മാരായ ഹരികുമാര്‍, അനിരുദ്ധന്‍ എന്നിവര്‍ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. ബൈക്കില്‍ ഇടിച്ച കാറില്‍ ഇവര്‍ നാലുപേരും ഉണ്ടായിരുന്നു. ആലപ്പുഴയില്‍ നിന്ന് എത്തിയ ഫൊറന്‍സിക് വിദഗ്ധര്‍ അപകടമുണ്ടാക്കിയ കാര്‍ അനില്‍കുമാറിന്റേതാണെന്നു സ്ഥിരീകരിച്ചു. അനില്‍കുമാറും സഹോദരന്മാരും ഒളിവിലാണ്. അനില്‍കുമാര്‍ ഗള്‍ഫിലേക്കു കടന്നതായും സംശയിക്കുന്നു.

വ്യാഴാഴ്ച രാവിലെ 10.30ന് ആയിരുന്നു സംഭവം. ഇളയമകനൊപ്പം ഷീല സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഷീല ആശുപത്രിയില്‍ എത്തും മുന്‍പു മരിച്ചു. കാര്‍ നിര്‍ത്താതെ പോയി. ദൃക്‌സാക്ഷികള്‍ കാറിന്റെ നമ്പര്‍ നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. അനില്‍കുമാറിന്റെ ഭാര്യ സിജി 2013 ജൂണ്‍ 16നു സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഷീലയുടെ മൂത്തമകന്‍ അരുണ്‍കുമാറിനെ പ്രേരണാകുറ്റത്തിനു മാര്‍ച്ച് 27ന് അറസ്റ്റ് ചെയ്തു.

ഇതേ തുടര്‍ന്നുണ്ടായ പകയാണു സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണു പൊലീസ്. സൗദിയിലായിരുന്ന അനില്‍കുമാറും സഹോദരങ്ങളും കഴിഞ്ഞ ആഴ്ചയാണു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. തുടര്‍ന്നാണു കാര്‍ വാങ്ങിയതും.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഷീലയുടെ മൃതദേഹം സംസ്‌കരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.