Latest News

കരിപ്പൂരില്‍ പത്ത് കിലോഗ്രാം സ്വര്‍ണം പിടികൂടി



മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജീവനക്കാരുടെ സഹായത്തോടെ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 10 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യുഇന്റലിജന്‍സ്(ഡി.ആര്‍.ഐ) സംഘം പിടികൂടി. എമിഗ്രേഷന്‍ഹാളിലെ വനിതകളുടെ ശൗചാലയത്തിന് സമീപത്തെ അഴുക്കുചാലിനകത്താണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 2.60 കോടി രൂപ വിലമതിക്കും.

കരിപ്പൂര്‍ വിമാനത്താവളചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഞായറാഴ്ച നടന്നത്. രാവിലെ 9.35ന് ദുബായില്‍നിന്ന് എമിറേറ്റ്‌സ് എയര്‍ വിമാനത്തിലെത്തിയ തിരുവനന്തപുരം പട്ടം സ്വദേശി സുഷാ സുധാകരന്‍(42), കാസര്‍കോട് കട്‌ലു സ്വദേശി നൗഷാദ്(30) എന്നിവരെ സംഭവത്തില്‍ ഡി.ആര്‍.ഐ സംഘം അറസ്റ്റുചെയ്തു.

രഹസ്യവിവരെത്തത്തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ ഡി.ആര്‍.ഐ സംഘം ഇരുവരെയും പിടികൂടി ചോദ്യംചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കറുത്ത ഇന്‍സുലേഷന്‍ ടേപ്പില്‍ പൊതിഞ്ഞ ഓരോ കിലോ വീതമുള്ള 10 സ്വര്‍ണക്കട്ടികള്‍ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കസ്റ്റംസ് അസി. കമ്മീഷണര്‍ ശ്യാം സുന്ദറിന്റെ നേതൃത്വത്തില്‍ സ്വര്‍ണം പുറത്തെടുക്കുകയായിരുന്നു.

നൗഷാദിന്റെ സഹായത്തോടെ സുഷയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാലുദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കുപോയ സുഷ സ്വര്‍ണവുമായി കരിപ്പൂരിലേക്ക് മടങ്ങുകയായിരുന്നു. വിമാനത്താവളത്തിലെ ചില ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണം പുറത്തെത്തിക്കാനായിരുന്നു ശ്രമം. കള്ളക്കടത്തിന് കൂട്ടുനിന്നെന്ന് സംശയിക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശുചീകരണവിഭാഗം സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.

കാസര്‍കോട് കേന്ദ്രീകരിച്ചുള്ള കളളക്കടത്ത് ലോബിയാണ് സംഭവത്തിനുപിന്നിലെന്ന് സൂചനയുണ്ട്. പിടിയിലായ സുഷ സുധാകരനും നൗഷാദിനുമിടയില്‍ ഇടനിലക്കാരനായത് സൂപ്പര്‍വൈസറാണെന്ന് കരുതുന്നു. കഴിഞ്ഞ നവംബര്‍ രണ്ടിന് ഇതേ സംഘം നാലുകിലോ സ്വര്‍ണം കരിപ്പൂര്‍ വഴി കടത്തിയതായി യുവതി സമ്മതിച്ചതായാണ് സൂചന. ഇതു പിടിക്കപ്പെടാത്തത് സംഘത്തിന് ധൈര്യമേകി. തുടര്‍ന്നാണ് 10 കിലോ സ്വര്‍ണം ഒറ്റയടിക്ക് കടത്താന്‍ ശ്രമിച്ചത്. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് ഇവര്‍ 10 കിലോ സ്വര്‍ണം കടത്തിയത്. പിടിയിലായവരെ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണകോടതിയില്‍ ഹാജരാക്കി. .
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.