Latest News

കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരേ ക്ലാസിലെ ആറ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: ദേശീയപാതയില്‍ ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷനു സമീപം കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചു മരിച്ച ആറുപേരും ഒരേ ക്ലാസിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. തിരുമുല്ലവാരം പുന്നത്തല നീതു നിവാസില്‍ മാത്യു അലക്‌സാണ്ടറുടെ മകന്‍ നിക്‌സണ്‍ എബി മാത്യു (21), കരിക്കോട് പഴയ ബസ് സ്റ്റാന്‍ഡിനു സമീപം ഫര്‍ഹാത്ത് വീട്ടില്‍ എസ്എം. അംജിത്തിന്റെ മകന്‍ സെയ്ദ് ഇന്‍സമാം തങ്ങള്‍ (23), കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങര ഈഴവ പാലത്തിനു സമീപം നേതാജി നഗര്‍ 14 താഴത്തുവടക്കതില്‍ ജയപ്രകാശിന്റെ മകന്‍ അജു പ്രകാശ് (21), കടയ്ക്കല്‍ ആനപ്പാറ ഷാ നിവാസില്‍ എസ്.എം. ഷാഫിയുടെ മകന്‍ ആദില്‍ ഷാ (21), പത്തനംതിട്ട കോഴഞ്ചേരി അയന്തിയില്‍ ജോണ്‍ തോമസിന്റെ മകന്‍ സിജോ ജോര്‍ജ് ജോണ്‍ (21), കോതമംഗലം തൃക്കാരിയൂര്‍ കന്നിമൂലത്ത് വീട്ടില്‍ കെ.കെ. സുബ്രഹ്മണ്യന്റെ മകന്‍ അരുണ്‍ കെ. സാബു (21) എന്നിവരാണു മരിച്ചത്.

ടികെഎം എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ വിദ്യാര്‍ഥികളാണ് ഇവര്‍. ടാങ്കര്‍ലോറി ഡ്രൈവര്‍ തഞ്ചാവൂര്‍ സ്വദേശി താമരയ്ക്ക് (41) നിസാര പരുക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറും പാചകവാതകവുമായി എത്തിയ ടാങ്കറുമാണു (ബുള്ളറ്റ്) കൂട്ടിയിടിച്ചത്. ടാങ്കറിന്റെ അടിയിലേക്ക് ഇടിച്ചുകയറിയ കാറില്‍ നിന്നു യുവാക്കളെ പുറത്തെടുക്കാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവന്നു. ഇതിനിടെ ആറുപേരും മരിച്ചു.


അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നു റിക്കവറി വാനിന്റെ സഹായത്തോടെ വാഹനങ്ങള്‍ വേര്‍പെടുത്തിയശേഷം കാര്‍ പൊളിച്ചാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. നിക്‌സണ്‍ ആണു കാര്‍ ഓടിച്ചിരുന്നത്. 

കൊച്ചിയില്‍ നിന്നു പാരിപ്പള്ളിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റിലേക്കു പോവുകയായിരുന്നു ടാങ്കര്‍. വര്‍ക്കലയില്‍ സഹപാഠിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. കൊല്ലം ഭാഗത്തേക്കു വരികയായിരുന്ന മിനിലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ലോറിയുടെ മുന്‍വശത്ത് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു. നിക്‌സണ്‍ എബി മാത്യുവിന്റെ സംസ്‌കാരം വെളളിയാഴ്ച 3.30നു വാടി സെന്റ് ആന്റണീസ് പള്ളിയില്‍. നിക്‌സന്റെ പിതാവ് മാത്യു അലക്‌സാണ്ടര്‍ ക്രിസ്മസ് ആഘോഷത്തിനു മസ്‌കറ്റില്‍ നിന്ന് അടുത്തിടെയാണ് എത്തിയത്. മാതാവ് ലിസി മാത്യു (സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപിക). സഹോദരി: നീതു മാത്യു (എംബിബിഎസ് വിദ്യാര്‍ഥിനി, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്).

സെയ്ദ് ഇന്‍സമാം തങ്ങളുടെ കബറടക്കം വെളളിയാഴ്ച രാവിലെ മൂന്നാംകുറ്റി സിയാറത്തുംമൂട് ജുമുഅ മസ്ജിദ് കബര്‍സ്ഥാനില്‍. പിതാവ് അംജിത്ത് സൗദിയില്‍ നിന്ന്  പുലര്‍ച്ചെ എത്തും. മുംതാസ് ആണു മാതാവ്. സഹോദരങ്ങള്‍: സെയ്ദ് ഇര്‍ഫാന്‍ തങ്ങള്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി), ജുമാന (സ്‌കൂള്‍ വിദ്യാര്‍ഥിനി). 

അജു പ്രകാശിന്റെ സംസ്‌കാരം നടത്തി. പിതാവ് ജയപ്രകാശ് അവധി കഴിഞ്ഞു രണ്ടാഴ്ച മുന്‍പാണു സൗദിയിലേക്കു മടങ്ങിയത്. മാതാവ്: അമ്പിളി. സഹോദരന്‍: ജയു പ്രകാശ് (എംസിഎ വിദ്യാര്‍ഥി). സിജോ ജോര്‍ജ് ജോണിന്റെ (20) സംസ്‌കാരം പിന്നീട്. മാതാവ്: മറിയാമ്മ. സഹോദരന്‍: വിന്‍ജോ തോമസ് ജോണ്‍ (എംഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥി, കാനഡ).
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.