Latest News

സ്‌ഫോടകവസ്തുക്കളുമായി എത്തിയ പാക്‌ബോട്ട് തീരസേന തകര്‍ത്തു

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ സ്‌ഫോടകവസ്തുക്കളുമായി എത്തിയ പാകിസ്താനി ബോട്ട് തീരരക്ഷാസേന തടഞ്ഞു. തുടര്‍ന്ന് പൊട്ടിത്തെറിച്ച ബോട്ട് മുങ്ങിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.

നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. മണിക്കൂറോളം നീണ്ട തിരച്ചലിനു ശേഷമാണ് തീരരക്ഷാസേന ബോട്ടിനെ പിന്തുടര്‍ന്ന് പോര്‍ബന്തറിനടുത്ത് തടഞ്ഞത്. മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്താനാണ് ബോട്ട് എത്തിയതെന്ന് സംശയമുണ്ട്. സംഭവം സുരക്ഷാ ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.

ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടേതാണ് ബോട്ട് എന്ന് സംശയമുണ്ട്. ഗോവ തീരമാണ് ബോട്ട് ലക്ഷ്യമിട്ടിരുന്നതെന്നും പുതുത്സരാഘോഷത്തിനിടെ കുഴപ്പമുണ്ടാക്കാനാണ് ബോട്ടിലുണ്ടായിരുന്നവര്‍ ഉദ്ദേശിച്ചിരുന്നതെന്നും സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു.

ഡിസംബര്‍ 31-ന് ലഭിച്ച രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നാണ് ഗുജറാത്ത് തീരത്ത് പട്രോളിങ് ശക്തമാക്കിയത്. തീരരക്ഷാ സേനയ്ക്ക് പുറമെ, ഡോണിയര്‍ വിമാനങ്ങളും തിരച്ചിലിലേര്‍പ്പെട്ടു. പോര്‍ബന്തറിന് 365 കിലോമീറ്റര്‍ അകലെയാണ്, രാത്രി വിളക്കുകളൊന്നും തെളിയിക്കാതെ നീങ്ങിയ ബോട്ട് ശ്രദ്ധയില്‍പ്പെട്ടത്. കറാച്ചിയിലെ കേതി ബുന്ദറില്‍നിന്ന് പുറപ്പെട്ട ബോട്ട് അറബിക്കടലില്‍ എന്തോ അനധികൃത ഇടപാട് നടത്താനെത്തുന്നു എന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

തീരരക്ഷാസേനയുടെ കപ്പലുകള്‍ അര്‍ധരാത്രിയോട് അടുപ്പിച്ചാണ് ബോട്ടിനെ തടഞ്ഞത്. പരിശോധനയ്ക്കായി നിര്‍ത്താനുള്ള മുന്നറിയിപ്പ് ബോട്ടിലുള്ളവര്‍ വകവെച്ചില്ല. ഇന്ത്യന്‍ സമുദ്രതീരത്തുനിന്നും അതിവേഗത്തില്‍ മുന്നോട്ടുനീങ്ങിയ ബോട്ടിന് നേരേ തീരരക്ഷാസേന വെടിയുതിര്‍ത്തു.

തുടര്‍ന്ന് ബോട്ട് നിര്‍ത്തിയെങ്കിലും അതിലുണ്ടായിരുന്ന നാലുപേരും താഴെ നിലയില്‍ ഒളിച്ചു. ഇവര്‍ തീയിട്ടതിനെ ത്തുടര്‍ന്നാണ് ബോട്ട് പൊട്ടിത്തെറിച്ച് മുങ്ങിയതെന്ന് പ്രതിരോധമന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ഇരുട്ടും മോശം കാലാവസ്ഥയും ശക്തിയേറിയ കാറ്റും കാരണം ബോട്ടിനെയും അതിലുള്ളവരെയും രക്ഷിക്കാനോ കണ്ടെത്താനോ കഴിഞ്ഞില്ല. കത്തിയ അതേസ്ഥലത്തുതന്നെ ജനവരി ഒന്നിന് പുലര്‍ച്ചെ ബോട്ട് മുങ്ങി.

തീരരക്ഷാസേനയും വിമാനങ്ങളും ബോട്ടിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കടല്‍മാര്‍ഗം ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളെത്തുടര്‍ന്ന് തീരത്തും കടലിലും തീരരക്ഷാസേനയും നാവികസേനയും അതിജാഗ്രത പുലര്‍ത്തുന്നുണ്ട്.

മുംബൈ ആക്രമിക്കുന്നതിന് ഭീകരര്‍ കടല്‍ മാര്‍ഗമാണ് എത്തിയത്. കറാച്ചിയില്‍ നിന്നെത്തിയ പത്തംഗസംഘം കരയിലെത്തി രണ്ടുപേര്‍ വീതമുള്ള സംഘങ്ങളായി തിരിഞ്ഞാണ് വെടിവെപ്പ് നടത്തിയത്. ആറു കൊല്ലം മുമ്പ് നടന്ന ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.