കാസര്‍കോട്: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ പതാക- ദീപശിഖ- കൊടിമര ജാഥകള്‍ വ്യാഴാഴ്ച രാവിലെ പ്രയാണം തുടങ്ങും. ജില്ലയിലെ വിവിധ രക്തസാക്ഷി നഗരിയില്‍നിന്ന് പുറപ്പെടുന്ന ജാഥകള്‍ വൈകിട്ട് പൊതുസമ്മേളന നഗരിയായ ചട്ടഞ്ചാലിലെ അഡ്വ. കെ പുരുഷോത്തമന്‍ നഗറില്‍ സംഗമിക്കും. ഇവിടെ സ്വാഗതസംഘം ചെയര്‍മാന്‍ പി രാഘവന്‍ പതാക ഉയര്‍ത്തുന്നതോടെ ജില്ലാസമ്മേളനത്തിന് തുടക്കമാകും.
ഒമ്പതുമുതല്‍ പ്രതിനിധി സമ്മേളനം കോളിയടുക്കത്തും 11ന് പൊതുസമ്മേളനം ചട്ടഞ്ചാലിലുമായി നടക്കും.
പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക രാവിലെ ഒമ്പതിന് കയ്യൂര്‍ രക്തസാക്ഷി നഗറില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, ജാഥാലീഡര്‍ എം രാജഗോപാലന് കൈമാറും. തുടര്‍ന്ന് മുഴക്കോം, നന്ദാവനം, നാപ്പച്ചാല്‍, ചെറുവത്തൂര്‍ വിവി നഗര്‍, കാര്യങ്കോട്, പള്ളിക്കര, നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍, തോട്ടം ഗേറ്റ്, കാഞ്ഞങ്ങാട് സൗത്ത്, കൊവ്വല്‍പള്ളി, അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ്, പുതിയകോട്ട, കോട്ടച്ചേരി, മഡിയന്‍, ചാമുണ്ഡിക്കുന്ന്, ചിത്താരി പാലം, കല്ലിങ്കാല്‍, പള്ളിക്കര, ബേക്കല്‍ ജങ്ഷന്‍, കോട്ടിക്കുളം, പാലക്കുന്ന്, പള്ളം, ഉദുമ, കളനാട്, മാങ്ങാട്, മീത്തല്‍ മാങ്ങാട്, ആഡ്യം, പൊയിനാച്ചി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ചട്ടഞ്ചാലിലെത്തും.
വി വി നഗറില്‍ ചീമേനി രക്തസാക്ഷികളുടെയും പുത്തിലോട്ട് ഗംഗാധരന്റെയും സ്മൃതിമണ്ഡപത്തില്‍നിന്നുള്ള ദീപശിഖ ജാഥ, പതാക ജാഥയ്ക്കൊപ്പം ചേരും. നീലേശ്വരത്തുവച്ച് മുനയന്‍കുന്നില്‍നിന്നും കീഴ്മാല നാരായണന്റെ സ്മൃതിമണ്ഡപത്തില്‍നിന്നും എത്തുന്ന ദീപശിഖ ജാഥയും ഒപ്പം ചേരും. പുതിയകോട്ടയില്‍ സുരേന്ദ്രന്‍- പ്രഭാകരന്‍ സ്മൃതിമണ്ഡപത്തിലെ ദീപശിഖയും ചാമുണ്ഡിക്കുന്നില്‍ കല്ലുവരമ്പത്ത് അപ്പക്കുഞ്ഞിയുടെ സ്മരണയ്ക്കുള്ള ദീപശിഖയും ബേക്കലില്‍ മനോജ് സ്മൃതിമണ്ഡപത്തില്‍നിന്നുള്ള ദീപശിഖയും മാങ്ങാട്ട് എം ബി ബാലകൃഷ്ണന്റെ സ്മൃതിമണ്ഡപത്തില്‍നിന്നുള്ള ദീപശിഖയും പതാക ജാഥയ്ക്കൊപ്പം ചേരും.
പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമരം രാവിലെ പത്തിന് ബന്തടുക്ക രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് പ്രയാണം തുടങ്ങും. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജാഥാലീഡര്‍ കെ ബാലകൃഷ്ണന് കൊടിമരം കൈമാറും. ബന്തടുക്കയില്‍ ബാലകൃഷ്ണന്‍ ബേത്തലം, വീരേന്ദ്രന്‍ ചാമക്കൊച്ചി എന്നിവരുടെ സ്മൃതിമണ്ഡപത്തില്‍നിന്നുള്ള ദീപശിഖകള്‍ ഒപ്പം ചേരും. പടുപ്പില്‍ നാരായണ നായ്ക്കിന്റെയും കുറ്റിക്കോലില്‍ ദാമോദരന്‍ പാണ്ടി, രവീന്ദ്രറാവു എന്നിവരുടെ ഓര്‍മയ്ക്കുള്ള ദീപശിഖയും ഒപ്പമുണ്ടാകും. പള്ളത്തിങ്കാല്‍, മുന്നാട്, കാഞ്ഞിരത്തുങ്കാല്‍ എന്നിവിടങ്ങളിലും ജാഥക്ക് സ്വീകരണം നല്‍കും.
പാണത്തൂരിലെ അബ്ദുള്‍ഷെരീഫ്, മാനടുക്കം വിജയന്‍, കോടോം അപ്പ, ആനക്കല്ല് ഗോവിന്ദന്‍, ഗുരുപുരം കുഞ്ഞികൃഷ്ണന്‍ എന്നീ രക്തസാക്ഷികളുടെ ദീപശിഖ കാഞ്ഞിരത്തുങ്കാലില്‍ ജാഥയ്ക്കൊപ്പം ചേരും. ബീംബുങ്കാല്‍, കുണ്ടംകുഴി, പെര്‍ലടുക്കം, കരിച്ചേരി, പൊയിനാച്ചി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചട്ടഞ്ചാലിലെത്തും.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാക രാവിലെ 9.30ന് പൈവളിഗെ രക്തസാക്ഷി നഗറില്‍നിന്നും സംസ്ഥാനകമ്മിറ്റി അംഗം എ കെ നാരായണന്‍, ജാഥാലീഡര്‍ സി എച്ച് കുഞ്ഞമ്പുവിന് കൈമാറും.
ബേക്കൂര്‍, ഉപ്പള എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. അബ്ദുള്‍സത്താര്‍ സ്മൃതിദീപം ഉപ്പളയില്‍നിന്ന് ഒപ്പം ചേരും. ബന്തിയോട്, ആരിക്കാടി, കുമ്പള എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ഇവിടെനിന്ന് മുരളി സ്മൃതിമണ്ഡപത്തില്‍നിന്നുള്ള കൊടിമരവും ഭാസ്കര കുമ്പള സ്മൃതിമണ്ഡപത്തില്‍നിന്നുള്ള ദീപശിഖയും ഒപ്പം ചേരും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള കൊടിമരമാണിത്.
ഇതിന്റെ ജാഥ പകല്‍ 11ന് കുമ്പള പേരോലിലെ മുരളി സ്മൃതിമണ്ഡപത്തില്‍നിന്ന് സംസ്ഥാനകമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജാഥാലീഡര്‍ എം വി ബാലകൃഷ്ണന് കൈമാറും. ഇരുജാഥയും പകല്‍ 12ന് കുമ്പളയില്‍ സംഗമിക്കും.തുടര്‍ന്ന് മൊഗ്രാല്‍, മൊഗ്രാല്‍പുത്തൂര്‍, ചൗക്കി എന്നിവിടങ്ങളിലെത്തും. ചൗക്കിയില്‍ മുഹമ്മദ് റഫീഖ് ദീപശിഖ ഒപ്പം ചേരും. അടുക്കത്ത്ബയലിലൂടെ കാസര്‍കോട്ടെത്തും. ടൗണില്‍ വരദരാജപൈ സ്മൃതിദീപം ഒപ്പം ചേരും. വിദ്യാനഗറില്‍ കൊല്ലങ്കാന ബാലകൃഷ്ണന്‍ ദീപശിഖയും ജാഥയുടെ കൂടെ ചേരും. തുടര്‍ന്ന് നായന്മാര്‍മൂല, പെരുമ്പള പാലം, വൈസി നഗര്‍, വിഷ്ണുപ്പാറ, കുണ്ട, ബേനൂര്‍ എന്നിവിടങ്ങളിലൂടെ വൈകിട്ട് ആറിന് പ്രതിനിധി സമ്മേളനം നടക്കുന്ന കോളിയടുക്കത്ത് സമാപിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment