Latest News

കാഞ്ഞങ്ങാട് സ്വദേശിയുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട്: കോഴിക്കോട് യുവാവിന് ഒരു വര്‍ഷം കഠിന തടവ്‌

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വ്യാജ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ കേസില്‍ പ്രതിയായ കോഴിക്കോട് സ്വദേശിയെ കോടതി ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.

കോഴിക്കോട് മടവൂരിലെ ടി മുഹമ്മദിനെയാണ് (28) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ഒരു വര്‍ഷം കഠിന തടവിനും 5000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. 

കാഞ്ഞങ്ങാട് അതിഞ്ഞാല്‍ സ്വദേശിയായ മുഹമ്മദ് ഹനീഫയുടെ പേരില്‍ മടവൂരിലെ ടി മുഹമ്മദ് ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുകയായിരുന്നു. മുഹമ്മദ് ഹനീഫയുടെ അറിവും സമ്മതവും ഇല്ലാതെയാണ് മുഹമ്മദ് വ്യാജരേഖകള്‍ ഉണ്ടാക്കിയത്.
എന്നാല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ മുഹമ്മദിന്റെ പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കായി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഇതു സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസിന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും തുടര്‍ന്ന് മുഹമ്മദിനെതിരെ കേസെടുക്കുകയുമായിരുന്നു. 2002 സെപ്തംബര്‍ 28ന് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മുഹമ്മദിനെ ചോദ്യം ചെയ്തപ്പോള്‍ കോഴിക്കോട്ടെ ട്രാവല്‍ ഏജസി സ്ഥാപന ഉടമയായ പി പി നൗഷാദാണ് പാസ്‌പോര്‍ട്ടിന് ആവശ്യമായ വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ സഹായങ്ങള്‍ നല്‍കിയതെന്ന് വ്യക്തമായി.
ഇതേ തുടര്‍ന്ന് നൗഷാദിനെ പോലീസ് കേസില്‍ രണ്ടാംപ്രതിയാക്കുകയും ഇരുവര്‍ക്കുമെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. വ്യാജ പാസ്‌പോര്‍ട്ട് കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് കോടതിയില്‍ നടക്കുകയും മുഹമ്മദിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിക്കുകയുമായിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.