ഉദുമ: ഉദുമയിലെ ഹരിത ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപന ഉടമയും കുറ്റിക്കോല്‍ ഞെരുവിലെ കണ്ണന്‍ അന്തിത്തിരിയന്‍-ചിറ്റ ദമ്പതികളുടെ മകളുമായ തിലോത്തമ (44) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കാഞ്ഞങ്ങാട്ടെ എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ അമ്പലത്തറ മൂന്നാംമൈലിലെ എം പി അനില്‍ കുമാറിനെതിരെയാണ് (32) ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അനില്‍ കുമാറിന്റെ മാനസികവും ശാരീരികവുമായ പീഡനം മൂലമാണ് തിലോത്തമ ആത്മഹത്യ ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നുവെങ്കിലും ഏത് രീതിയിലാണ് തിലോത്തമ മരണപ്പെട്ടതെന്ന് വ്യക്തമാക്കാതെയാണ് പോലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഏതോ രാസവസ്തുവോ ഗുളികയോ കഴിച്ചാണ് തിലോത്തമആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
2013 ജൂണ്‍ 13ന് ഉച്ചയ്ക്കാണ് തിലോത്തമയെ ഉദുമയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തിലോത്തമയെ പരിസരവാസികള്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതിനിടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും മരണത്തിലെ അവ്യക്തത നീങ്ങിയില്ല. വിഷം കഴിച്ചോ അതല്ലെങ്കില്‍ സിറിഞ്ച് ശരീരത്തില്‍ കുത്തിവെച്ചോ തിലോത്തമ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ് ഈ കേസില്‍ അന്വേഷണം നടത്തിയത്.
തിലോത്തമയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി രാസപരിശോധന കേന്ദ്രത്തിലേക്ക് അയച്ചിരുന്നുവെങ്കിലും പരിശോധനാഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. ഭര്‍ത്താവിനോടൊപ്പം വെള്ളിക്കോത്തെ വീട്ടില്‍ മുമ്പ് താമസിച്ചിരുന്ന തിലോത്തമ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം അനില്‍ കുമാറുമായി ബന്ധം സ്ഥാപിക്കുകയും ഇരുവരും കൊവ്വല്‍പ്പള്ളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങുകയും ചെയ്തു. അനില്‍ കുമാര്‍ തിലോത്തമയെ തന്റെ ബിസിനസ് പങ്കാളിയാക്കുകയും ചെയ്തിരുന്നു.
ഇതിനിടെ അനില്‍ കുമാറും തിലോത്തമയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയും മാനസികമായി അകന്ന തിലോത്തമ ഉദുമയില്‍ സ്വന്തമായി ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങി ഇവിടത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റുകയുമായിരുന്നു.
അതേ സമയം അനില്‍കുമാറുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ തയ്യാറാകാതെ തിലോത്തമ 2013 ജുണ്‍ 13ന് എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളില്‍ എത്തിയെങ്കിലും പ്രകോപിതനായ അനില്‍കുമാര്‍ തിലോത്തമയെ തള്ളിപ്പറയുകയായിരുന്നു.
തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ അനില്‍കുമാര്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ മുമ്പില്‍ വച്ച് തിലോത്തമയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതില്‍ മനംനൊന്ത് താമസസ്ഥലത്ത് തിരിച്ചെത്തിയ തിലോത്തമ ഏതോ വിഷദ്രാവകം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
അന്നത്തെ ഹൊസ്ദുര്‍ഗ് സിഐ ബാബു പെരിങ്ങോത്താണ് ഈ കേസില്‍ അന്വേഷണം നടത്തിയത്. അന്നത്തെ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ടി വി ഭാസ്‌ക്കരന്‍ ഉള്‍പ്പെടെ 15 സാക്ഷികളാണ് കേസിലുള്ളത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment