Latest News

അഴിമതിക്കാരുടെ നേതാവായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണം

കോളിയടുക്കം: അഴിമതിക്കാരുടെ നേതാവായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനം ഇന്നേവരെ കാണാത്ത അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണത്തില്‍ നടമാടുന്നത്. എല്ലാ അഴിമതികളും മുഖ്യമന്ത്രിയിലും അദ്ദേഹത്തിന്റെ ഓഫീസിലുമാണ് എത്തിനില്‍ക്കുന്നത്.

മന്ത്രിമാരുടെ പേരില്‍ കോടികളുടെ അഴിമതി ആരോപണമാണുയരുന്നത്. ഭരണകക്ഷി നേതാവുതന്നെ നിയമസഭയിലും ലോകായുക്തക്ക് മുന്നിലും മന്ത്രിമാര്‍ക്കും അവരുടെ ഓഫീസിനുനേരെയും അഴിമതി ആരോപിക്കുന്ന സ്ഥിതിയുമുണ്ടായി. എന്നാല്‍ എല്ലാ അഴിമതികളെയും വെള്ളപൂശി അഴിമതിക്കാരുടെ സംരക്ഷകനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറി.

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സോളാര്‍ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയും ഹത്തിന്റെ ഓഫീസുമാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് വഞ്ചനക്കിരയായവര്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും നിര്‍ലജ്ജം കേസിലെ മുഖ്യപ്രതിയെ രക്ഷിക്കാന്‍ ഭരണ സംവിധാനമാകെ ദുരുപയോഗം ചെയ്തത് നാം കണ്ടതാണ്. ഏറ്റവുമൊടുവില്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ മുഖ്യമന്ത്രിയെയും വിചാരണ ചെയ്യണമെന്ന് പറഞ്ഞിട്ടും ഉമ്മന്‍ചാണ്ടി അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഭരണസ്വാധീനമുപയോഗിച്ച് 400 കോടിയുടെ ഭൂമി കുംഭകോണമാണ് നടത്തിയത്. അയാളെയും സംരക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്്. പ്ലസ്ടു കോഴ്‌സ് അനുവദിച്ചതില്‍ വന്‍ അഴിമതിയാണ് നടന്നത്. സര്‍ക്കാര്‍ വഴിവിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോടതിക്കുതന്നെ പറയേണ്ടി വന്നു. ബാര്‍ അഴിമതിയില്‍ ധനമന്ത്രി കെ എം മാണി ഒരു കോടി വാങ്ങിയെന്ന് ബാറുടമകള്‍ പരസ്യമായി പറഞ്ഞു. മറ്റ് ചില മന്ത്രിമാരും പണം വാങ്ങിയിട്ടുണ്ടെന്ന് ബാറുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. 20 കോടി രൂപ പിരിച്ചെന്നാണ് അവര്‍ പറയുന്നത്. ബാക്കി 19 കോടി ആരൊക്കെയാണ് വാങ്ങിയത്. അതൊന്നും അന്വേഷിക്കുന്നില്ല. പകരം അഴിമതിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയംതന്നെ അട്ടിമറിക്കാനാണ് യുഡിഎഫ് തയ്യാറായത്.

കരുണാകരന്റെ കാലത്ത് നടന്ന പാമൊലിന്‍ അഴിമതിയില്‍ മുഖ്യ പങ്ക് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കാണെന്ന സത്യം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാരെടുത്ത എല്ലാ നടപടികള്‍ക്കും കോടതിയില്‍നിന്ന് തിരിച്ചടി കിട്ടി. വിജിലന്‍സിനെപ്പോലും സ്വാധീനിച്ച് തെറ്റായ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തു. എന്നാല്‍ അതൊന്നും കോടതി അംഗീകരിച്ചില്ല. അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പുറത്തുവരുമെന്ന് ഭയന്നിട്ടാണ് കേസ് ഇല്ലാതാക്കാന്‍ വഴിവിട്ട മാര്‍ഗം സ്വീകരിക്കുന്നത്.

ഏറ്റവുമൊടുവില്‍ കേസ് വിചാരണ നടത്തണമെന്നഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. എന്നിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ഉമ്മന്‍ചാണ്ടി കേരളത്തിന് അപമാനമാണ്. എത്രയും വേഗം രാജിവച്ചൊഴിയുന്നതാണ് രാഷ്ട്രീയ മാന്യതയെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.