Latest News

സൗഹൃദസന്ദേശവുമായി ശബരിമല മുന്‍ മേല്‍ശാന്തി പാണക്കാട്ട്

മലപ്പുറം: കൊടപ്പനക്കല്‍ തറവാട്ട് മുറ്റത്ത് മതമൈത്രിയുടെ മധുരം നുകര്‍ന്ന് സൗഹൃദം പുതുക്കാന്‍ ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി എത്തി. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് പി.എം. മനോജ് എമ്പ്രാന്തിരി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ കാണാന്‍ കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തിയത്.

മേല്‍ശാന്തിയായി ചുമതലയേറ്റപ്പോള്‍ മലപ്പുറം മുസ്‌ലിം യൂത്ത് ലീഗിന്റെ യുവജനജാഥയുടെ ഭാഗമായി എടപ്പാള്‍ പഞ്ചായത്ത് കമ്മിറ്റി മേല്‍ശാന്തിയുടെ വീട്ടില്‍ യുവസൗഹൃദ സംഗമം നടത്തിയിരുന്നു. അന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ തങ്ങള്‍ മേല്‍ശാന്തിയെ അഭിനന്ദിച്ചാണ് മടങ്ങിയത്. ഒരു വര്‍ഷം കഴിഞ്ഞ് ശബരിമലയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ഇപ്പോള്‍ തങ്ങളെ കാണാന്‍ മേല്‍ശാന്തി പാണക്കാട്ടെത്തിയത്.

അരമണിക്കൂറോളം കൊടപ്പനക്കല്‍ തറവാട്ടില്‍ ചെലവഴിച്ച അദ്ദേഹം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളേയും സന്ദര്‍ശിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണ ദിവസം പാണക്കാട്ടെത്തിയതും അദ്ദേഹം സ്മരിച്ചു. മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് വീരാളിപ്പട്ടും ഏലക്കമാലയും നല്‍കിയാണ് മടങ്ങിയത്.


ദീര്‍ഘ കാലത്തെ ബന്ധമാണ് പാണക്കാട് കുടുംബത്തോടുള്ളതെന്നും മേല്‍ശാന്തിയായതിനു ശേഷവും താനത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും മുന്‍ എം.പി. സി. ഹരിദാസ് ശിഹാബ് തങ്ങളെ പരിചയപ്പെടുത്തി തന്നത് ഇപ്പോഴും ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ, ഇബ്രാഹീം മൂതുര്‍ എന്നിവരും സന്നിഹിതരായിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.