Latest News

വ്യാജ മണല്‍ പാസ്; റഫീക്കിന് ഹൈക്കോടതി ജാമ്യം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഫ്‌ളക്‌സ് പ്രിന്റിംഗ് സ്ഥാപനം കേന്ദ്രീകരിച്ച് വ്യാജ മണല്‍ പാസ് നിര്‍മിച്ച് വ്യാപകമായി വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന കാസര്‍കോട്ടെ യൂത്ത്‌ലീഗ് നേതാവ് റഫീക്ക് കോളോട്ടിന് കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 

എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും രാവിലെ 9 നും 11 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലെത്തി രജിസ്റ്ററില്‍ ഒപ്പിടണമെന്ന ഉപാധികളോടെയാണ് റഫീക്കിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

വ്യാജ മണല്‍പാസ് കേസില്‍ റഫീക്കിനെ ജനുവരി 3 ന് ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതരാണ് തടഞ്ഞുവെച്ച് ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറിയത്. കേസില്‍ പ്രതിയാക്കപ്പെട്ട ഉടന്‍ റഫീക്കിന്റെ പേരില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. 

ലുക്കൗട്ട് നോട്ടീസാണ് റഫീക്കിനെ വലയിലാക്കാന്‍ ഇടയാക്കിയത്. ഏതാണ്ട് ഒരു മാസത്തോളം റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് റഫീക്കിന് ജാമ്യം ലഭിച്ചത്. 

ഈ കേസിലെ മറ്റൊരു പ്രതി ആറങ്ങാടിയിലെ ആബിദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജനുവരി 6 ന് പരിഗണിക്കും. ഗള്‍ഫിലായിരുന്ന ആബിദ് നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.