നീലേശ്വരം: ഫെബ്രുവരി 6ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാലിച്ചാനടുക്കം സ്വദേശിയായ യുവാവിനെ എറണാകുളത്ത് പോലീസ് കണ്ടെത്തി.
പിതാവ് കാലിച്ചാനടുക്കം കോട്ടപ്പാറ ഹൗസിലെ കെ.കെ. രാമചന്ദ്രന്റെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കഴിഞ്ഞ ദിവസം എറണാകുളത്ത് കണ്ടെത്തുകയുമായിരുന്നു.
അബുദാബി മുസഫയിലെ വാഹന ഷോറൂമില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്ന രശാന്ത് ഗള്‍ഫില്‍ നിന്നുള്ള മടക്ക യാത്രക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയെങ്കിലും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.
വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ട്രെയിന്‍ യാത്രക്കിടെ രശാന്ത് സഹോദരന്റെ ഫോണില്‍ വിളിച്ച് രണ്ട് ബാഗുകള്‍ കണ്ണൂരിലെ ഒരു ഷോറൂമില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഒരു ബാഗ് നഷ്ടമായെന്നും ഇതേക്കുറിച്ച് അന്വേഷണിക്കുകയാണെന്നും അറിയിച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ രശാന്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
രശാന്ത് ഷോറൂമില്‍ ഏല്‍പ്പിച്ച രണ്ട് ബാഗുകള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു. തുടര്‍ന്ന് പലയിടങ്ങളിലും രശാന്തിനെ അന്വേഷിച്ചുവെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് പിതാവ് രാമചന്ദ്രന്‍ കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കരിപ്പൂര്‍ എസ്‌ഐ, വിശ്വനാഥന്റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ രശാന്തിനെ എറണാകുളത്ത് കണ്ടെത്തുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്നുമിറങ്ങിയ ശേഷം മൂന്ന് ബാഗുകളുമായി ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വണ്ടി കണ്ണൂരിലെത്തിയപ്പോള്‍ ഒരു ബാഗ് ആരോ തട്ടിപ്പറിച്ചു ഓടിയെന്നും ഈ ബാഗ് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു താനെന്നുമാണ് രശാന്ത് പോലീസിന് മൊഴി നല്‍കിയത്.
വാച്ചും മൊബൈല്‍ ഫോണും തുണിത്തരങ്ങളുമാണ് ഈ ബാഗില്‍ ഉണ്ടായിരുന്നത്. ഈ ബാഗിനുവേണ്ടിയുള്ള അന്വേഷണം എറണാകുളത്ത് തുടരുന്നതിനിടയിലാണ് യുവാവിനെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് രശാന്തിനെ കരിപ്പൂര്‍ കോടതിയില്‍ ഹാജരാക്കി. താന്‍ വീട്ടുകാര്‍ക്കൊപ്പം പോകുകയാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് രശാന്തിനെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment