Latest News

ഗുണ്ടാ മാഫിയകള്‍ക്കെതിരെ ഓപ്പറേഷന്‍ സുരക്ഷയുമായി പോലീസ്‌

തിരുവനന്തപുരം: അക്രമികളെയും സമൂഹവിരുദ്ധരെയും ഗുണ്ടാ മാഫിയകളെയും അമര്‍ച്ചചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ സുരക്ഷാ പദ്ധതിക്ക് തുടക്കമായി. ബുധനാഴ്ചരാത്രി പത്തിന് തുടങ്ങിയ പ്രത്യേക 'ഓപ്പറേഷനോ'ടെയാണിത്. വിവിധ ജില്ലകളിലായി 1769 പേരാണ് ഒറ്റരാത്രികൊണ്ട് അറസ്റ്റിലായതെന്ന് മന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു.

എ.ഡി.ജി.പി. അരുണ്‍കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ സുരക്ഷ നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് 1090 എന്ന നമ്പരില്‍ കുറ്റകൃത്യവിവരം പോലീസിനെ അറിയിക്കാം. വിളിക്കുന്നയാളുടെ വിവരം നല്‍കണമെന്നില്ല. കൊള്ളപ്പലിശക്കാരെ പിടിക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ കുബേരയുടെ വിജയവും ജനങ്ങളില്‍നിന്ന് ലഭിച്ച സ്വീകാര്യതയുമാണ് പുതിയനീക്കത്തിന് പ്രചോദനമായതെന്ന് മന്ത്രി പറഞ്ഞു.

സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം നടപടി കര്‍ശനമാക്കും. മുമ്പ് അക്രമങ്ങളിലും സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടവരെ നിരീക്ഷിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കും. പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്യാനും നടപടിയുണ്ടാകും. ജാമ്യമെടുത്ത് മുങ്ങിയവരെയും പിടിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം, കൊലപാതകശ്രമം, കൂലിത്തല്ല് തുടങ്ങിയ ഗൗരവസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ട പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യുന്നതിനും മുന്‍ഗണന നല്‍കും.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉള്ള മേഖലകളില്‍ പ്രത്യേകസുരക്ഷ ഏര്‍പ്പെടുത്തും. അസമയങ്ങളിലും സ്ത്രീകളുടെ യാത്രാവേളകളിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും തീവണ്ടികളിലും സുരക്ഷ ശക്തിപ്പെടുത്തും. ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചില്‍ 704 പേരും കൊച്ചി റേഞ്ചില്‍ 480 പേരും തൃശ്ശൂര്‍ റേഞ്ചില്‍ 330 പേരും കണ്ണൂര്‍ റേഞ്ചില്‍ 255 പേരുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ഇവരെ രക്ഷിക്കാന്‍ ഒരുതരത്തിലുള്ള രാഷ്ട്രീയ ഇടപെടലും അനുവദിക്കില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ഇതുസംബന്ധിച്ച് കത്തയക്കും. ഗുണ്ടകളുമായും മണല്‍ മാഫിയകളുമായും ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തും. ഓപ്പറേഷന്‍ സുരക്ഷയ്‌ക്കൊപ്പം ഓപ്പറേഷന്‍ കുബേരയും ശക്തമായി കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പോലീസ് മേധാവി കെ.എസ്. ബാലസുബ്രമണ്യന്‍, എ.ഡി.ജി.പി. അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.