Latest News

വിദ്യാര്‍ത്ഥികളുടെ മൗനജാഥ കണ്ട് നഗരം വിതുമ്പി

തൃശൂര്‍: ഇനിയൊരു കുട്ടിക്കും ഈ ഗതികേട് ഉണ്ടാവരുതെന്ന് മനമുരുകി പ്രാര്‍ഥിക്കുകയായിരുന്നു, ആ മൗനജാഥ കണ്ടു നിന്നവര്‍. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്‍െറ നിഷ്ഠൂര കൊലപാതകത്തില്‍ പ്രതിഷേധിച്ചും ആത്മാവിന് നിത്യശാന്തി നേര്‍ന്നും മകന്‍ അമല്‍ദേവ് പഠിക്കുന്ന വിദ്യാലയത്തിലെ സഹപാഠികളാണ് ബുധനാഴ്ച നഗരത്തില്‍ മൗനജാഥ നടത്തിയത്.

തൃശൂര്‍ ചെമ്പുക്കാവ് ഗവ. ടെക്നിക്കല്‍ സ്കൂളില്‍ ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന അമല്‍ദേവിന്‍െറ വേദന പങ്കുവെച്ച് ടി.എച്ച്.എസ്, വി.എച്ച്.എസ്.എസ്, ജി.ഐ.എഫ്.ഫി വിഭാഗങ്ങളിലെ 500 വിദ്യാര്‍ഥികളാണ് മൗനജാഥ നടത്തിയത്. കനത്ത വെയില്‍ വകവെക്കാതെ പെണ്‍കുട്ടികള്‍ അടക്കം ജാഥയില്‍ അണിനിരന്നു.

50 അധ്യാപകരും പി.ടി.എ ഭാരവാഹികളും പങ്കെടുത്ത ജാഥ 9.30ന് പുറപ്പെട്ടു. ജാഥ തുടങ്ങുന്നതിന് മുമ്പ് ടെക്നിക്കല്‍ ഹൈസ്കൂള്‍ സൂപ്രണ്ട് വി.കെ. സുരേന്ദ്രന്‍ സംഭവം വിശദീകരിച്ചു. പ്രകോപനപരമായ ഒന്നും ഉണ്ടാവരുതെന്നും ആവശ്യപ്പെട്ടു. ജാഥക്കൊപ്പം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രഫ. സാറാ ജോസഫും ഉണ്ടായിരുന്നു. കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കുക, ചന്ദ്രബോസിന്‍െറ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുക, സ്വസ്ഥവും സ്വതന്ത്രവുമായി ജീവിക്കാന്‍ അനുവദിക്കുക എന്നിങ്ങനെ എഴുതിയ പ്ളക്കാര്‍ഡുകളുമായാണ് കുട്ടികള്‍ നടന്നത്.

ജാഥ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ സാറാ ജോസഫും കൗണ്‍സിലര്‍ പ്രഫ. അന്നം ജോണും സംസാരിച്ചു. അധ്യാപകരായ എം.കെ. സുരന്ദ്രേന്‍, ശിവരാമന്‍ വലിയാക്കല്‍, പി.പി. സണ്ണി, സ്റ്റാഫ് സെക്രട്ടറി ജയദേവന്‍ എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.
(കടപ്പാട്: മാധ്യമം)


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.