Latest News

താജുല്‍ഉലമ നഗരി സജ്ജം; പുതുചരിതം കുറിക്കാന്‍

മലപ്പുറം: കേരളീയ മുസ്‌ലിം സമൂഹം ഉറ്റുനോക്കുന്ന ചരിത്രമഹാ സംഗമത്തിന് പതിനാറ് നാളുകള്‍ മാത്രം ബാക്കിയിരിക്കെ താജുല്‍ഉലമ നഗരിയും കോട്ടക്കല്‍ ദേശവും സമ്മേളന ലഹരിയില്‍. ഞായറാഴ്ച നടന്ന പന്തല്‍ കാല്‍നാട്ടല്‍ കര്‍മത്തിന് കാര്യമായ പ്രചാരണങ്ങളൊന്നുമില്ലാതിരുന്നിട്ടും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. 

പണ്ഡിതശ്രേഷ്ഠനായ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ സയ്യിദന്മാരെയും പണ്ഡിത മഹത്തുക്കളെയും സാക്ഷിയാക്കി കാല്‍നാട്ടിയപ്പോള്‍ ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകരുടെ കണ്ഠങ്ങളില്‍ നിന്ന് തക്ബീര്‍ ധ്വനികളുയര്‍ന്നു. ഖുതുബുസ്സമാന്‍ മമ്പുറം തങ്ങളും വെളിയങ്കോട് ഉമര്‍ഖാസിയുമടക്കം നിരവധി മഹാന്മാരുടെ പടയോട്ടഭൂമിയായ മലപ്പുറത്തിന്റെ മണ്ണില്‍ സുന്നി പ്രവര്‍ത്തകര്‍ സമ്മേളനം നെഞ്ചോടു ചേര്‍ത്തുപിടിച്ച കാഴ്ചയാണ് ഞായറാഴ്ച താജുല്‍ഉലമ നഗറില്‍ ദൃശ്യമായത്. 

അതേസമയം, കേരളവും തമിഴ്‌നാട്ടിലെ നീലഗിരിയും ഗള്‍ഫ് നാടുകളും 60ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണച്ചൂടിലമര്‍ന്നു. ജില്ലാ ഇ സികളുടെ ആഭിമുഖ്യത്തില്‍ നടന്ന റോഡ് മാര്‍ച്ചുകള്‍ക്ക് ഗംഭീര സ്വീകരണങ്ങളാണ് ലഭിച്ചത്. 

തിരുവനന്തപുരത്ത് നിന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹൈവേ മാര്‍ച്ചിന് തെക്കന്‍ ജില്ലകളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ വന്‍ജനാവലിയാണ് ഒഴുകിയെത്തിയതെന്ന് ഹൈവേ മാര്‍ച്ച് കോഓഡിനേറ്റര്‍ മജീദ് കക്കാട് പറഞ്ഞു. 

സമ്മേളനം നടക്കുന്ന എടരിക്കോട്ടെ വിശാലമായ വയലില്‍ സമ്മേളന സജ്ജീകരണങ്ങളറിയാന്‍ വിവിധ ദിക്കുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. പ്രധാന നേതാക്കളെല്ലാം താജുല്‍ഉലമ നഗറില്‍ ക്യാമ്പ് ചെയ്താണ് വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഖമറുല്‍ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം സമ്മേളന നഗരിയിലെത്തി ആവശ്യമായ സൗകര്യങ്ങളെക്കുറിച്ച് നേതാക്കളുമായി ചര്‍ച്ചചെയ്യുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 

ഈമാസം 26 ന് 25000 സ്വഫ്‌വ അംഗങ്ങളുടെ റാലിയോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത പതിനയ്യായിരം സ്ഥിരം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പ്രധാന പന്തലിനു പുറമെ പതിനൊന്ന് ഉപ സമ്മേളനങ്ങള്‍ക്കുള്ള പന്തലുകളും താജുല്‍ഉലമ നഗരിയില്‍ ഒരുങ്ങിവരുന്നു. 

നാഷനല്‍ ഇസ്‌ലാമിക് കോണ്‍ഫറന്‍സ്, തൊഴിലാളി സമ്മേളനം, വ്യാപാരി വ്യവസായി സമ്മേളനം, അന്യസംസ്ഥാന തൊഴിലാളി സമ്മേളനം, കടല്‍ തൊഴിലാളി സമ്മേളനം, കര്‍ഷക സമ്മേളനം, പ്രൊഫഷനല്‍ കോണ്‍ഫറന്‍സ്, ക്യാമ്പസ് സമ്മിറ്റ്, സാന്ത്വനം ക്ലബ്ബ് മെബേഴ്‌സ് കോണ്‍ഫറന്‍സ്, പ്രവാസി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, സ്ഥാപന മേധാവികളുടെ സമ്മേളനം എന്നിങ്ങനെ പതിനൊന്ന് ഉപസമ്മേളനങ്ങളാണ് നടക്കുന്നത്. ഉപസമ്മേളനങ്ങളില്‍ പതിനായിരം പ്രതിനിധികളാണ് പങ്കെടുക്കുക. ഇവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. 

മലബാറിന്റെ വാണിജ്യവും സംസ്‌കാരവും ഒന്നിക്കുന്ന എക്‌സ്‌പോ ഷോപ്പിംഗ് ഫെസ്റ്റ് 22ന് ആരംഭിക്കും. 22 മുതല്‍ പുസ്തകമേളയും സാംസ്‌കാരിക സമ്മേളനവും നഗരിയില്‍ നടക്കും. സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും. ഓരോ ദിവസവും കലാനിശകളും അരങ്ങേറും. 25ന് നടക്കുന്ന സുഹൃദ് സമ്മേളനത്തില്‍ മതസാമൂഹിക സാംസ്‌കാരിക നേതാക്കളും പണ്ഡിതരും സംഗമിക്കും. അന്നേദിവസം രാത്രി മതപ്രഭാഷണവേദിയും ഒരുക്കിയിട്ടുണ്ട്. 

സ്വഫ്‌വ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയോടൊപ്പം നടക്കുന്ന പന്ത്രണ്ട് ഉപസമ്മേളനങ്ങള്‍ വ്യക്തമായ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എസ് വൈ എസിന്റെ സുപ്രധാന ലക്ഷ്യമായ സര്‍വതല സ്പര്‍ശിയായ പ്രബോധന ദൗത്യത്തിന്റെ തുടര്‍ച്ചയാണ് ഈ ഉപസമ്മേളനങ്ങളെന്നും സ്വാഗതസംഘം കണ്‍വീനര്‍ വണ്ടൂര്‍ അബ്ദര്‍ുറഹ്മാന്‍ ഫൈസി അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.