Latest News

എം.എ ഉസ്താദ്: ഊര്‍ജ്ജ്വസ്വലനായ അക്ഷരതേജസ്വി

ദമ്മാം: ചൊവ്വാഴ്ച വഫാത്തായ സമസ്ത പ്രസിഡന്റ് എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍.എസ്.സി) സൗദി നാഷണല്‍ സെക്രട്ടറിയേറ്റ് അനുശോചിച്ചു.

അക്ഷരങ്ങളുടെ ലോകത്ത് കുലപതിയും നിറഞ്ഞ പാണ്ഡിത്യത്തിനുടമയുമായിരുന്നു എം.എ.ഉസ്താദ്. മുസ്‌ലിം ജാഗരണ സംരംഭങ്ങളിലെല്ലാം ഒരു നിയോഗം പോലെ മുന്നില്‍ നില്‍ക്കുകയും തന്റെ പേനയും ചിന്തയും ധിഷണാത്മകയായി ചലിപ്പിച്ച് വ്യക്തി മുദ്ര പതിപ്പിച്ച് പ്രതിഭ കൂടിയായിരുന്നു നൂറുല്‍ ഉലമ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഉസ്താദ്. 

മുഖ്യധാരയില്‍ മുസ്‌ലിംഗള്‍ക്ക് പ്രത്യേകിച്ച് സുന്നികള്‍ക്ക് വഴങ്ങാത്തതെന്ന് വിധിയെഴുതിയിരുന്ന പല വിഷയങ്ങളിലും ബൗദ്ധികമായി ഇടപെടാനും നിലപാടറിയിക്കാനും എം.എ ഉസ്താദ് എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. 

തൊള്ളായിരത്തി നാല്പത്തി ആറില്‍ സമസ്തയുടെ അംഗത്വമെടുത്ത അദ്ദേഹം മുപ്പത് മുതലുള്ള മുസ്‌ലിം കേരള പരിസരവും നവോത്ഥാന ശ്രമങ്ങളും മുന്നില്‍ കാണുന്നത് പോലെ വിവരിച്ചു തരാന്‍ കെല്‍പ്പുണ്ടായിരുന്നു. ആരെയും വിസ്മയിപ്പിക്കുന്ന ഓര്‍മ്മക്തിയും ദൈനം ദിന കാര്യങ്ങളിലെ കാര്‍ക്കശ്യവും ആരാധനകളിലെയും ഗ്രന്ഥരചനകളിലേയും സൂക്ഷ്മതയും എം.എ ഉസ്താദിന് മാത്രം സ്വന്തം. 

മത വിദ്യാഭ്യാസ പ്രസരണ രംഗത്ത് വിസ്‌ഫോടനാത്മക ചലനം സൃഷ്ടിച്ച മദ്‌റസാ പ്രസ്ഥാനത്തിന്റെ ശില്പിയും കാസര്‍കോട് സഅദിയയുടെ അമരക്കാരനും കൂടിയായിരുന്നു മഹാനവര്‍കള്‍. 

2014 ഫെബ്രുവരി 09 നാണ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പിന്‍ഗാമിയായി സമസ്തയുടെ അമരത്ത് വന്നതെങ്കിലും കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ നാഥന്റെ വിധിക്ക് മുമ്പില്‍ കീഴങ്ങിയത് സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. 

പ്രയത്തെ വകവെക്കാത്തെ ഊര്‍ജ്ജസ്വലതയും കാലിക വിഷയങ്ങളിലെ അവഗാഹവും പുതിയ കാലത്തെ പ്രബോധകര്‍ എം.എ ഉസ്താദില്‍ നിന്ന് പകര്‍ത്തേണ്ട ഗുണങ്ങളാണ്. മഹാനവര്‍കളുടെ മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും മയ്യിത്ത് നിസ്‌കരിക്കരിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു. മുഹമ്മദ് അബ്ദുല്‍ ബാരി നദ്‌വി, സിറാജ് വേങ്ങര, ബഷീര്‍ അഷ്‌റഫി ചേര്‍പ്പ് എന്നിവര്‍ സംബന്ധിച്ചു.
Keywords: MA USTHAD, KASARAGOD, SA-ADIAY, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.