Latest News

അമ്മമലയാളം ഇരട്ടശില്പം ഒരുങ്ങി

കാഞ്ഞങ്ങാട്: അക്ഷരദേവതയെ പ്രതീകമാക്കി അത്യുത്തരകേരളത്തിന്റെ സാംസ്‌കാരികപൈതൃകം ആലേഖനം ചെയ്ത ഇരട്ടശില്പം കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലൊരുങ്ങി. അമ്മമലയാളം എന്ന പേരില്‍ പ്രശസ്തശില്പി കൂക്കാനം സുരേന്ദ്രന്‍ രൂപകല്പന ചെയ്ത ശില്പത്തിന്റെ അനാഛാദനകര്‍മ്മം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രശ്‌സത കവി പ്രൊഫ. വി മധുസൂദനന്‍ നായര്‍ നിര്‍വഹിക്കും.

വിദ്യാരംഭം പരിപാടിയുടെ ഭാഗമായാണ് സ്‌കൂളില്‍ മാതൃഭാഷയുടെ മഹത്വം വിളിച്ചോതി ശില്പം നിര്‍മ്മിച്ചത്. ഭാഷയെ അമ്മയായി സങ്കല്‍പിച്ച് മാതൃത്വത്തിന്റെ ഭിന്നഭാവങ്ങള്‍ വ്യക്തമാക്കുന്നതാണ് ശില്പം. വടക്കേമലബാറിന്റെ തനതുകലയായ തെയ്യത്തിലെ അമ്മദൈവസങ്കല്പത്തില്‍ തുടങ്ങി കേരളത്തിന്റെ കലാപൈതൃകവും കാര്‍ഷികസംസ്‌കൃതിയും പ്രകൃതിഭംഗിയുമൊക്കെ ശില്പത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. 

അക്ഷരവൃക്ഷത്തിനു കീഴെയാണ് സാംസ്‌കാരികപെരുമയുടെ ഭിന്നഭാവങ്ങള്‍ ശില്പി ആവിഷ്‌കരിക്കുന്നത്. പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ കാഴ്ചകളുടെ കൊളാഷാണ് ശിലപത്തിന്റെ ഒരു ഭാഗത്തെങ്കില്‍ മറുവശത്ത് വാഗ്‌ദേവതയുടെ മൂര്‍ത്തഭാവമാണ് ദൃശ്യവല്‍ക്കരിച്ചിട്ടുള്ളത്. വാഗ്‌ദേവിയുടെ നാവിന്‍തുമ്പത്ത് അക്ഷരജ്വാലയും അതിനടുത്തായി തുഞ്ചത്തെഴുത്തഛനും ശില്പത്തിലുണ്ട്.
സിമന്റിലും കളിമണ്ണിലുമൊക്കെയായി മൂന്നു മാസത്തെ പ്രയത്‌നത്തിലാണ് ശില്പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നാളെ ഉച്ചകഴിഞ്ഞ് നടക്കുന്ന അനാഛാദന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.