Latest News

പൊലീസ് വാഹനമിടിച്ച് മൂന്നു മരണം; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: അടൂര്‍ എഴംകുളത്ത് ഉല്‍സവം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കിടയിലേക്ക് പൊലീസ് വാഹനം പാഞ്ഞു കയറി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ഏഴംകുളം സ്വദേശി ശങ്കരപ്പിള്ള(72) ഭാര്യ രത്‌നമ്മ(65) എന്നിവരാണ് മരിച്ച ദമ്പതികള്‍. കൊട്ടാരക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ച മൂന്നാമത്തെയാള്‍. എട്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വാഹനത്തിന്റെ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു.

എ.ആര്‍.ക്യാംപിലെ ഡ്രൈവര്‍ ഷാജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പത്തനംതിട്ട എസ്പി ജേക്കബ് ജോബ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി പത്മകുമാറിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി.

അപകടമുണ്ടാക്കിയ വാഹനം നീക്കാനുള്ള ശ്രമം തടഞ്ഞ നാട്ടുകാര്‍ പൊലീസുകാരെ തടഞ്ഞുവച്ചു. സംഘര്‍ഷാവസ്ഥ തുടരുന്ന സ്ഥലത്ത് നാട്ടുകാര്‍ വാഹനം കത്തിക്കുമെന്നും ഭീഷണി മുഴക്കി. ക്ഷുഭിതരായ നാട്ടുകാര്‍ പൊലീസ് വാനിനു നേരെ കല്ലേറും നടത്തി. ഇതില്‍ പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ പൊലീസുകാര്‍ എത്തി സംഘര്‍ഷാവസ്ഥ കുറയ്ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരുക്കേറ്റതായാണ് സൂചന.

ഏഴംകുളം ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കണ്ടു മടങ്ങുന്നതിനിടെയാണ് പൊലീസ് വാന്‍ പാഞ്ഞുകയറിയത്. രാത്രി 7.30നാണ് അപകടമുണ്ടായത്. പൊലീസ് വാന്‍ നിയന്ത്രണം വിട്ടു ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ഇവിടെ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.