Latest News

പൊലിഞ്ഞത് പണ്ഡിത ജ്യോതിസ്സ്

പണ്ഡിത തേജസ്സും ആത്മീയ കേരളത്തിന്റെ നെടുംതൂണുമാണ് നൂറുല്‍ ഉലമാ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗത്തോടെ നഷ്ടമായത്. 

കേരളത്തിലെ ഇസ്‌ലാമിക പ്രചാരണ രംഗത്തും, മതവിദ്യാഭ്യാസ മേഖലയിലും അതുല്യ സംഭാവനകളര്‍പ്പിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വളര്‍ച്ചയില്‍ മഹത്തായ പങ്ക് വഹിച്ച എം എ ഉസ്താദ്, സമസ്തയുടെ സ്ഥാപിത പണ്ഡിതരില്‍ പ്രമുഖനായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് നേരിട്ട് സമസ്തയുടെ മെമ്പര്‍ഷിപ്പ് സ്വീകരിച്ചവരില്‍ അവസാനത്തെ കണ്ണിയായിരുന്നു. 

1947 ല്‍ സമസ്തയിലെത്തിയ അദ്ദേഹം സംഘടനയുടെ ഉപാധ്യക്ഷനായും താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെ വഫാത്തിനെ തുടര്‍ന്ന് 2014 ഫെബ്രുവരി ഒമ്പതിന് അധ്യക്ഷനായും അവരോധിക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ ബഹുജന സംഘടനയായ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രവര്‍ത്തന രൂപരേഖ തയാറാക്കിയതും എം എ ഉസ്താദായിരുന്നു. 

ജീവിതം മുഴുക്കെ സുന്നത്ത് ജമാഅത്തിനും മതവിദ്യാഭ്യാസ മേഖലയുടെ ഉത്ഥാനത്തിനും ഉഴിഞ്ഞുവെച്ച മഹദ് വ്യക്തിത്വമായിരുന്നു എം എ ഉസ്താദ്. മുസ്‌ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്കാര്‍ഷിക്കാനായി ബ്രിട്ടീഷ് ഭരണകൂടം സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന മതപഠനം സ്വതന്ത്ര്യാനന്തരം നിരോധിക്കുകയും മതപഠന രംഗത്ത് പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തപ്പോള്‍, അതിന് പരിഹാരമായി മദ്രസാ പ്രസ്ഥാനമെന്ന ആശയം മുന്നോട്ടുവെച്ചത് എം എ ഉസ്താദായിരുന്നു. തദടിസ്ഥാനത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന് രൂപം നല്‍കിയത്. 

1951-ല്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ എം എ അവതരിപ്പിച്ച പ്രമേയമാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപവത്കരണത്തിന് വഴിതെളിയിച്ചത്.കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പി എന്നാണ് എം എ വിശേഷിപ്പിക്കപ്പെടുന്നത്. എണ്‍പതുകളുടെ അവസാനത്തില്‍ സമസ്ത കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോള്‍ ആദര്‍ശ രംഗത്ത് ഉറച്ചു നിന്ന എം എ, പിന്നീട് സംഘടന കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ചയിലും മഹത്തായ പങ്ക് വഹിച്ചു. 

കേരളത്തിലെ രാഷ്ട്രീയ- മതനേതൃത്വത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളോട് ആദര്‍ശത്തിന്റെ സീമകള്‍ക്കുളളില്‍ നിന്ന് സഹകരിച്ച അദ്ദേഹം, പാണ്ഡിത്യത്തെ രാഷ്ടീയ നേതൃത്വത്തിന് മുമ്പില്‍ അടിയറവെക്കാന്‍ വിസമ്മതിച്ചു. സമസ്തയിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ അടിസ്ഥാ കാരണങ്ങളിലൊന്നും ഇതായിരുന്നു. 

സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം സഅദിയ്യയെ ഉത്തര കേരളത്തിലെ ഏറ്റവും വലിയ മത,ഭൗതിക വിദ്യാഭ്യാസ സമന്വയ കേന്ദ്രമാക്കി വളര്‍ത്തിയെടുത്തതില്‍ അദ്ദേഹത്തിന്റെ പങ്ക് അദ്വിതീയമാണ്. 

ആഴമുള്ള ചിന്തകളുടെയും വൈജ്ഞാനിക രംഗത്ത് വിശാലമയ അന്വേഷണത്തിന്റെയും ഉടമയായിരുന്ന എം എ കനപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങള്‍ മുസ്‌ലിം കൈരളിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ ആധികാരിക റഫറന്‍സ് ഗ്രന്ഥങ്ങളായാണ് വിവിയിരുത്തപ്പെടുന്നത്. അദ്ദേഹത്തെ പോലെ പണ്ഡിതന്‍, ചരിത്രകാരന്‍, പ്രസംഗകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, നേതാവ്, സ്ഥാപനമേധാവി, ആത്മീയ ഗുരു തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ മാതൃകായോഗ്യനായ വ്യക്തിത്വങ്ങള്‍ അപൂര്‍വാണ്. 

ആത്മീയ രംഗത്ത് മികച്ച നേതൃത്വം നല്‍കുന്നതോടൊപ്പം കാലത്തിന്റെ കാലൊച്ച ശ്രവിച്ച സുന്നി പ്രസ്ഥാന രംഗത്ത് അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ അദ്ദേഹത്തിന്റെ ധൈഷണിക ചിന്തക്ക് വലിയ പങ്കുണ്ട്. സംസാരത്തില്‍ സൂക്ഷ്മത പാലിച്ചിരുന്ന എം എ ആരെയും സമയത്തിന്റെ വിലയറിഞ്ഞു ഉപയോഗപ്പെടുത്തുന്നതിലും വളരെ ശ്രദ്ധിച്ചിരുന്നു. 

പ്രസ്ഥാന വിരോധികളെ പരാമര്‍ശിക്കുമ്പോള്‍ തരംതാണ പദങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. ആരാധന, ദര്‍സ്,സ്ഥാപന മേല്‍നോട്ടം, മുത്വാലഅ,എഴുത്ത്, ദിക്‌റ് എന്നിങ്ങനെ സമൂഹത്തിനോ തന്റെ പരലോക നന്മക്കോ അല്ലാതെ സമയം വിനിയോഗിക്കാറില്ല. 

താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെ വിയോഗമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നു സുന്നി കേരളം മുക്താകുന്നതിന് മുമ്പേ എം എ ഉസ്താദും വിടപറഞ്ഞത് പ്രാസ്ഥാനിക രംഗത്ത് താങ്ങാനാകാത്ത നഷ്ടമാണ്. എങ്കിലും അവരെല്ലാം കാണിച്ചു തന്ന ആദര്‍ശ പ്രതിബദ്ധതയുടെയും അവര്‍ കൊളുത്തി വെച്ച വൈജ്ഞാനിക പ്രഭയുടെയും വെട്ടം നമുക്ക് മാതൃകയായുണ്ട്. അത് ഉള്‍ക്കൊണ്ട് പ്രാസ്ഥാനിക വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് ഇനി നമ്മുടെ കടമ.
Keywords: MA USTHAD, KASARAGOD, SA-ADIAY, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.