Latest News

പ്രമുഖ സംവിധായകന്‍ എ. വിന്‍സെന്റ് അന്തരിച്ചു

ചെന്നൈ: പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന എ. വിന്‍സെന്റ് (88) അന്തരിച്ചു. ഭാര്‍ഗവീനിലയം, മുറപ്പെണ്ണ്, അശുരവിത്ത്, നഗരമേ നന്ദി, തുലാഭാരം തുടങ്ങിയവയാണു സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. മലയാള സിനിമയില്‍ മാറ്റത്തിനു നാന്ദി കുറിച്ച 'നീലക്കുയിലിന്റെ ഛായാഗ്രാഹകനാണ്.

ചെന്നൈയില്‍ ചെത്‌പെട്ട് ഹാരിങ്ടണ്‍ റോഡിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം രണ്ടാഴ്ചയായി രോഗബാധിതനായിരുന്നു. ഭാര്യ: മാര്‍ഗരറ്റ്. മക്കളായ ജയാനന്‍ വിന്‍സെന്റും അജയന്‍ വിന്‍സെന്റും ചലച്ചിത്ര ഛായാഗ്രാഹകരാണ്. കലാസംവിധായകന്‍ സാബു സിറില്‍ സഹോദരീപുത്രനാണ്.

ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും പ്രഗത്ഭ ഛായാഗ്രാഹകന്മാരില്‍ ഒരാളെന്നു പേരെടുത്ത ശേഷമാണു സംവിധാന രംഗത്തേക്കു കടന്നത്. ചലച്ചിത്ര ലോകം വിന്‍സെന്റ് മാഷ് എന്നു വിളിച്ച അലോഷ്യസ് വിന്‍സെന്റ് 1926ല്‍ കോഴിക്കോട്ടാണു ജനിച്ചത്. പിതാവില്‍ നിന്നാണ് ഫോട്ടോഗ്രാഫിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്. പിന്നീടു ചലച്ചിത്ര നിര്‍മ്മാണത്തിന്റെ ഈറ്റില്ലമായ മദിരാശിയിലെത്തി. ജമിനി സ്റ്റുഡിയോയില്‍ കമാല്‍ ഘോഷ്, കെ. രാമനാഥന്‍ എന്നിവരുടെ ശിഷ്യനായ അദ്ദേഹം 'ബ്രതുകു തെരുവു' എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.

പി. ഭാസ്‌കരന്‍- രാമു കാര്യാട്ട് ടീമിന്റെ 'നീലക്കുയിലിന്റെ (1954) ഛായാഗ്രാഹകനായി മലയാളത്തില്‍ മേല്‍വിലാസമുറപ്പിച്ചു. സ്റ്റുഡിയോയ്ക്കു പുറത്തേക്കു മലയാള സിനിമയെ കൊണ്ടുപോയതു 'നീലക്കുയിലിലൂടെ വിന്‍സെന്റ് ആണ്.

സംവിധായകനായ ആദ്യ ചിത്രം ഭാര്‍ഗവീനിലയമാണ് (1964). വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം. കഥയും തിരക്കഥയും സംഭാഷണവും ബഷീര്‍ തന്നെയാണെഴുതിയത്. സംവിധായകനെന്ന നിലയില്‍ വിന്‍സെന്റ് മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു.

എം.ടി. വാസുദേവന്‍ നായരുടെ സിനിമാപ്രവേശം വിന്‍സെന്റ് സംവിധാനം ചെയ്ത 'മുറപ്പെണ്ണിലൂടെയാണ് (1965). എംടിയുടെ തന്നെ അസുരവിത്തിന്റെ (1968) സംവിധായകനും വിന്‍സെന്റാണ്. തോപ്പില്‍ ഭാസി രചന നിര്‍വഹിച്ച 'തുലാഭാരം, 'അശ്വമേധം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

നദി, നിഴലാട്ടം, നഖങ്ങള്‍, നഗരമേ നന്ദി, കൊച്ചു തെമ്മാടി, ത്രിവേണി, ആഭിജാത്യം, ഗന്ധര്‍വ്വക്ഷേത്രം, അച്ചാണി, ചെണ്ട, അനാവരണം, അഗ്നിനക്ഷത്രം തുടങ്ങിയവയാണു മറ്റു പ്രധാന ചിത്രങ്ങള്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.