Latest News

റണ്‍വേ നവീകരണം: ഹജ് യാത്ര കൊച്ചിയിലേക്ക് മാറ്റി

കൊണ്ടോട്ടി: (www.malabarflash.com)സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരുടെ ഹജ് യാത്ര കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കൊച്ചിയിലേക്കു മാറ്റി. തീര്‍ഥാടകര്‍ക്കുള്ള ഹജ് ക്യാംപിനു നെടുമ്പാശേരിയില്‍ വിമാനത്താവളത്തിനു സമീപം ഉടന്‍ സ്ഥലം കണ്ടെത്തും. കോഴിക്കോടിനു പകരം കൊച്ചി യാത്രാകേന്ദ്രമായി വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ വിജ്ഞാപനം പുതുക്കിയതോടെയാണിത്.

ഇന്ത്യയിലെ എല്ലാ യാത്രാകേന്ദ്രങ്ങളിലെയും ടെന്‍ഡര്‍ തീയതി 27ന് അവസാനിച്ചെങ്കിലും കേരളത്തിലേത് ഏപ്രില്‍ എട്ടിലേക്കു മാറ്റി. ഏതു വിമാനമാണ് ഹജ് യാത്രയ്ക്ക് ഉപയോഗിക്കേണ്ടതെന്ന് എട്ടിനുശേഷം ടെന്‍ഡര്‍ തുറന്ന് തീരുമാനിക്കും. എന്നാല്‍, കേരളം ഇത്തവണയും സൗദി എയര്‍ലൈന്‍സ് വിമാനം ആവശ്യപ്പെടും. കേരളത്തിനു പുറമേ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ തീര്‍ഥാടകരും സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴില്‍ കൊച്ചി സെക്ടര്‍ വഴി ഹജ് യാത്ര നടത്തും.

കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ നവീകരണമാണു കരിപ്പൂരില്‍നിന്നു യാത്രാകേന്ദ്രം മാറ്റാന്‍ കാരണമായത്. മേയ് മുതല്‍ ആറു മാസത്തേക്കു വലിയ വിമാനങ്ങള്‍ക്കു നിയന്ത്രണമുണ്ട്. പ്രശ്‌നം മുന്നില്‍ക്കണ്ട് ബോയിങ് 767 ഇനത്തില്‍പ്പെട്ട ഇടത്തരം വിമാനമായിരുന്നു വ്യോമയാന മന്ത്രാലയം ഹജ് ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, കോഴിക്കോട് തിരഞ്ഞെടുത്താല്‍ കൂടുതല്‍ സര്‍വീസ് ഉള്‍പ്പെടെ ഒട്ടേറെ മറ്റു ക്രമീകരണങ്ങള്‍ വേണ്ടിവരുന്നതുകൊണ്ടാണു യാത്ര കൊച്ചി വഴിയാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്തിമ തീരുമാനമെടുത്തത്.

Keywords: Kerala,Hajj 2015, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.