തൃക്കരിപ്പൂര്‍ വടക്കെകൊവ്വല്‍ ടി.കെ മുഹമ്മദ് റാഫി-ടി ഹബീബ ദമ്പതികളുടെ ഇളയമകനാണ് ഇഷാക്ക്. ജനിച്ച ഉടനെ അപസ്മാരം പിടിപെട്ട ഇഷാക്കിന് പിന്നീട് ആശുപത്രികളില്‍ നിന്നും വിട്ടൊഴിഞ്ഞ നേരം ഉണ്ടായിട്ടില്ല. ജനിച്ച് ആറുമാസം കഴിയുമ്പോള്‍ ഡോക്ടര്‍മാരും വിധിയെഴുതി കുട്ടിയെ 90 ശതമാനം അസ്ഥിവൈകല്യം ബാധിച്ചിരിക്കുന്നു.
സാമ്പത്തിക പരാധീനതകള്‍ കുടുംബത്തെ വരിഞ്ഞുമുറുക്കുമ്പോഴും മുഹമ്മദ് റാഫി - ഹബീബ ദമ്പതികളുടെ മനസ്സ് വിധിക്ക് കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി മകന് നല്ല ചികിത്സ തന്നെ അവര്‍ നല്‍കി. കോഴിക്കോടുളള ഡോക്ടറുടെ കീഴിലാണ് ചികിത്സ. കൂടാതെ ഫിസിയോതെറാപ്പിയും ചെയ്തു വരുന്നു.
മൂന്നര വയസ്സായിട്ടും ഇഷാക്കിന് കഴുത്തുറച്ചിട്ടില്ല. സംസാരിക്കാനും വയ്യ. രണ്ടുമാസം കൂടുമ്പോള്‍ കോഴിക്കോട് ചികിത്സയ്ക്ക് കൊണ്ടുപോകണം. ഇവിടുത്തെ മരുന്നിനുമാത്രം അയ്യായിരത്തോളം രൂപ ചെലവ് . പെയിന്റിംഗ് തൊഴിലാളിയായ മുഹമ്മദ് റാഫിക്ക് ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. എങ്കിലും തന്റെ പൊന്നോമനയുടെ മുഖം കാണുമ്പോള്‍ എന്ത് ത്യാഗവും സഹിച്ച് ചികിത്സ തുടരുകതന്നെയാണ് ഈ പിതാവ്.
ഇടയ്ക്കിടയ്ക്ക് വരുന്ന പനിയാണ് മറ്റൊരു വില്ലന്‍. പനി വരുന്നത് കൊണ്ട് കൃത്യമായി ഫിസിയോതെറാപ്പി ചെയ്യാന്‍ പറ്റുന്നില്ലെന്ന സങ്കടം ഇഷാക്കിന്റെ ഉമ്മ പങ്ക് വെയ്ക്കുന്നു. എന്തിനും ഏതിനും ഇഷാക്കിന് ഉമ്മയുടെ സഹായം കൂടിയേ തീരൂ. ഹബീബയുടെ ഉമ്മയുടെ പേരിലുളള നാല് സെന്റ് സ്ഥലത്ത് പഞ്ചായത്ത് നിര്‍മ്മിച്ചുകൊടുത്ത വീട്ടിലാണ് ഇവരുടെ താമസം. ഈ വീട് കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ചിരിക്കുന്നു.
മകന് നല്ലൊരു തെറാപ്പി മാറ്റ്, താങ്ങിയിരുത്തുന്ന കസേര, കൊമോഡ് ചെയര്‍ എന്നിവ വാങ്ങികൊടുക്കുക എന്നത് ഇവരുടെ സ്വപ്നമായിരുന്നു. സാമ്പത്തിക പരാധീനതകള്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇവരെ അനുവദിച്ചില്ല. അങ്ങിനെയാണ് ഇവര്‍ മകനെയും കൊണ്ട് സാമൂഹ്യ നീതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികലാംഗ ഉപകരണ വിതരണക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പില്‍ ഇവര്‍ക്കാവശ്യമുളള ഉപകരണങ്ങളുടെ കണക്ക് എടുക്കുകയും അവ നിര്‍മ്മിച്ച് വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു.
ഇതുപ്രകാരം ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി കൊമോഡ് ചെയര്‍, തെറാപ്പിമാറ്റ്, താങ്ങിയിരുത്തുന്ന ചെയര്‍ എന്നിവ ഇഷാക്കിന്റെ ഉമ്മയ്ക്ക് കൈമാറി. മകനെ ഇനിമുതല്‍ നല്ലതെറാപ്പി മാറ്റില്‍ കിടത്താം, താങ്ങിയിരുത്താന്‍ നല്ല കസേരയായി ഇത്തരം സദ്ചിന്തകളോടെയാണ് ഇഷാക്കിനെ ഉമ്മ വേദി വിട്ടത്. ദുരിതക്കടല്‍ നീന്തികടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഇത്തരം സഹായങ്ങള്‍.
No comments:
Post a Comment