Latest News

ടി.എ ഷാഫിയെ ജന്മനാട് ആദരിച്ചു

തളങ്കര: (www.malabarflash.com)എഴുത്തിന് കൂടുതല്‍ തിളക്കം ചാര്‍ത്തിയ പത്രപ്രവര്‍ത്തനായിരുന്നു ടി.എ ഷാഫിയെന്ന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. കഅ്ബയെ തൊട്ട നിമിഷം എന്ന പുസ്തകത്തിന്റെ രചയിതാവും ഉത്തരദേശം സീനിയര്‍ സബ് എഡിറ്ററുമായ ടി.എ ഷാഫിക്ക് ജന്മനാടായ തളങ്കര ജദീദ് റോഡിലെ അന്നിഹ്മത്ത് ജദീദ് മസ്ജിദ് കമ്മിറ്റിയുടേയും യുവജന വായനശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ നല്‍കിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് ജീവിതത്തിലും എഴുത്തിലും ഷാഫി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് ഖാസി പറഞ്ഞു. പണ്ഡിതന്മാര്‍ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം അതിമനോഹരമായാണ് ഷാഫി അവതരിപ്പിച്ചതെന്ന് കഅ്ബയെ തൊട്ട നിമിഷം എന്ന പുസ്തകത്തെ എടുത്തുകാട്ടി അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ കെ.എ.എം ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ജദീദ് റോഡ് പള്ളി ഇമാം അബ്ബാസ് മൗലവി പ്രാര്‍ത്ഥന നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 

കെ.എം അഹ്മദ് മാഷിന്റെ യഥാര്‍ത്ഥ ശിഷ്യനാണെന്ന് ഷാഫി ഇതിനകം തന്നെ തെളിയിച്ചുകഴിഞ്ഞുവെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഷാഫിയുടെ എഴുത്തിന്റെ മൂര്‍ച്ഛ ഞാനടക്കമുള്ള പൊതുപ്രവര്‍ത്തകരെ ഉള്ളുതുറന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ച അവസരങ്ങള്‍ അനവധിയാണെന്ന് ടി.ഇ അബ്ദുല്ലയും പറഞ്ഞു.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഷാഫിയെ ഷാള്‍ അണിയിച്ച് ആദരിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. ഞാന്‍ കണ്ട പ്രതിഭയുള്ള യുവ എഴുത്തുകാരില്‍ ഒരാളാണ് ഷാഫിയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അടുത്തമാസം ആദ്യം ഞാനും കുടുംബവും പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ വിശുദ്ധമക്കയിലേക്ക് യാത്ര തിരിക്കുകയാണ്. അതിന് പ്രചോദനമായത് ഷാഫിയുടെ കഅ്ബയെ തൊട്ട നിമിഷം എന്ന പുസ്തകമാണെന്ന് ഹര്‍ഷാരവങ്ങള്‍ക്കിടെ ജില്ലാ കലക്ടര്‍ പറഞ്ഞു. 

എഴുത്ത് തുടങ്ങുന്നിടത്ത് നിന്ന് അവസാനിക്കുന്നിടംവരെ വായനക്കാരെ കൊണ്ടുപോകാന്‍ ഷാഫിയുടെ എഴുത്തിന് വല്ലാത്തൊരു മാസ്മരികതയുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി കഅ്ബയെ തൊട്ട നിമിഷം എന്ന പുസ്തകത്തേയും കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് ടി.എ ഷാഫിയേയും പരിചയപ്പെടുത്തി. 

ജില്ലാ ആസൂത്രണ സമിതി അംഗം എ. അബ്ദുല്‍റഹ്മാന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, കവി പി.എസ് ഹമീദ്, നഗരസഭാ കൗണ്‍സിലര്‍മാരായ എല്‍.എ മഹമൂദ് ഹാജി, സുലൈമാന്‍ ഹാജി ബാങ്കോട്, എം. കുഞ്ഞിമൊയ്തീന്‍, ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്മദ്, പി. മഹ്മൂദ്, സി.എല്‍ ഹമീദ്, അസ്‌ലം സീറ്റോ, അസീസ് കടപ്പുറം, സദര്‍ മുഅല്ലിം കെ. ഉസ്മാന്‍ മൗലവി, അഡ്വ. ബേവിഞ്ച അബ്ദുല്ല, കെ.എം അബ്ദുല്‍റഹ്മാന്‍, പ്രൊഫ. സി.എച്ച് അഹമദ് ഹുസൈന്‍, എം.വി സന്തോഷ് കുമാര്‍, ടൈലര്‍ ഭാസ്‌കരന്‍, നിര്‍മ്മലാക്ഷന്‍, അഷറഫലി ചേരങ്കൈ, ടി.എ കുഞ്ഞഹമ്മദ്, താജുദ്ദീന്‍ ബാങ്കോട്, എരിയാല്‍ ഷരീഫ്, ഇഖ്ബാല്‍ കൊട്ടയാട്, ഷാനവാസ് പട്ടേല്‍റോഡ്, ശിഹാബുദ്ദീന്‍ ബാങ്കോട്, കെ.എ ഹുസൈന്‍, പി. അബൂബക്കര്‍, ഇ. അബ്ദുല്ല, പി.എ അബ്ദുല്ല, പി.എ റഫീഖ്, കബീര്‍ സേട്ട്, ഷരീഫ് വോളിബോള്‍, മുജീബ് കറാമ തുടങ്ങിയവര്‍ സംസാരിച്ചു. 

യഹ്‌യ തളങ്കര, എം. ലുക്മാനുല്‍ ഹക്കീം, ഇല്ല്യാസ് എ. റഹ്മാന്‍, പി.എ മഹമൂദ്, പി.എ അബ്ദുല്‍റഹ്മാന്‍ ഹാജി എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു. ടി.എ ഷാഫി മറുപടി പ്രസംഗം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.എച്ച് ഖാദര്‍ സ്വാഗതവും സി.എ കരീം ഖത്തര്‍ നന്ദിയും പറഞ്ഞു. അഷ്ഫാഖ് കവിത ആലപിച്ചു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.