കാസര്‍കോട്: ജില്ലയുടെ സംസ്‌ക്കാരത്തനിമയെ സ്വര്‍ണ്ണവര്‍ണ്ണങ്ങളില്‍ ചാലിച്ചെടുത്ത കാസര്‍കോട് സാരീസിന് പുത്തന്‍ ചാരുത പകരാന്‍ 27 പട്ടികജാതി യുവതികള്‍ക്ക് പരിശീലനം ആരംഭിച്ചു. കാസര്‍കോട് ഉദയഗിരിയിലുളള വീവേഴ്‌സ് കോപ്പറേറ്റീവ് പ്രൊഡക്ഷന്‍ ആന്റ് സെയില്‍സ് സൊസൈറ്റിയിലാണ് പരിശീലനം നല്‍കുന്നത്.
മൂന്നുമാസത്തെ പരിശീലന കാലയളവില്‍ ഇവര്‍ക്ക് സാരി ഡിസൈന്‍ ചെയ്യുന്നതിന് ക്ലാസ്സുകള്‍ നല്‍കും. നിലവില്‍ കാസര്‍കോട് സാരീസ് നെയ്യുന്നതില്‍ അനുഭവപ്പെടുന്ന തൊഴിലാളിക്ഷാമം ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ നികത്താന്‍ കഴിയുമെന്ന് സൊസൈറ്റി അധികൃതര്‍ പ്രത്യാശിക്കുന്നു. ഇവരുടെ പരിശീലനത്തിനു ശേഷം പുതിയ അഞ്ചോളം ഡിസൈന്‍ സാരികള്‍ വിപണിയിലിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ആറ് ലക്ഷം രൂപയാണ് ഇവരുടെ പരിശീലനത്തിന് വകയിരുത്തിയിട്ടുളളത്. പരിശീലന കാലയളവില്‍ പ്രതിമാസം 4000 രൂപ വീതം സ്റ്റൈപ്പന്റ് നല്‍കുന്നു. ഇവര്‍ക്ക് നല്‍കുന്ന രണ്ടാംഘട്ട പരിശീലനമാണിത്. ആദ്യഘട്ടത്തില്‍ 40 പട്ടികജാതി യുവതികള്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുളള നെയ്ത്തും അനുബന്ധ ജോലികളിലും പരിശീലനം നല്‍കി. ഇവരില്‍ 35 പേര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി. അതില്‍ നിന്നും 27 പേര്‍ സൊസൈറ്റിയില്‍ ജോലിക്ക് ചേര്‍ന്നു. ഈ 27 പേര്‍ക്കാണ് നിലവില്‍ പരിശീലനം നല്‍കി വരുന്നത്. പട്ടികജാതി യുവതികള്‍ക്ക് തൊഴില്‍ നല്‍കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.
ഭൗമസൂചികാ പദവി ലഭിച്ച അപൂര്‍വ്വം ഉത്പ്പന്നങ്ങളില്‍പ്പെടുന്നതാണ് കാസര്‍കോട് സാരീസ്. പരമ്പരാഗത രീതിയില്‍ നെയ്‌തെടുക്കുന്ന ഈ സാരിയുടെ പരിസ്ഥിതി സൗഹൃദഗുണമാണ് സ്ത്രീകള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നത്. സാരി നിര്‍മ്മിക്കാനുളള അസംസ്‌കൃത വസ്തുക്കള്‍ തമിഴ്‌നാട്, ബാംഗ്ലൂര്‍, മഹാരാഷ്ട്ര എന്നീ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്. പരീശിലനം സിദ്ധിച്ച ആള്‍ക്ക് രണ്ടുദിവസം കൊണ്ട് ഒരു സാരി നെയ്യാം. മാസത്തില്‍ 500ഓളം സാരികളാണ് നിലവില്‍ ഇവിടെ നെയ്‌തെടുക്കുന്നത്.
1000 രൂപമുതല്‍ 1800 രൂപ വരെയാണ് സാരികളുടെ വില. പ്രദര്‍ശനങ്ങള്‍ നടത്തിയും ഹാന്‍ഡ് വീവ്, ഹാന്‍ഡെക്‌സ് ഷോറൂമുകള്‍ വഴിയും ഉദയഗിരിയിലുളള ഷോറൂം വഴിയുമാണ് സാരികള്‍ വിപണനം ചെയ്യുന്നത്. ദിനംപ്രതി സാരിക്കുളള ഡിമാന്റ് വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ആവശ്യത്തിനനുസരിച്ച് സാരികള്‍ നെയ്യാന്‍ മതിയായ തൊഴിലാളികളില്ല എന്നതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഈ 27 അംഗനമാര്‍ വിജയരകമായി പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് ശുഭപ്രതീക്ഷയിലാണ് സൊസൈറ്റി അധികൃതര്‍.
No comments:
Post a Comment