Latest News

മദ്യനയം ഹൈക്കോടതി ശരിവച്ചു; ഇനി പഞ്ചനക്ഷത്ര ബാറുകള്‍ മാത്രം

കൊച്ചി:  സര്‍ക്കാരിന്റെ അബ്കാരി നയം പൂര്‍ണമായും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഹൈക്കോടതി വിധിയോടെ സംസ്ഥാനത്ത് ഇനി 24 പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമാകും പ്രവര്‍ത്തനനാനുമതി ലഭിക്കുക. 228 ത്രീ സ്റ്റാര്‍ ബാറുകളും 36 ഫോര്‍സ്റ്റാര്‍ ബാറുകളും എട്ടു ഹെറിറ്റേജ് ബാറുകളും അടയ്‌ക്കേണ്ടി വരും. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നയം സംബന്ധിച്ചു ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീലും കോടതി തള്ളി. 

എന്നാല്‍ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടാനാകില്ലെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് കോടതി വ്യക്തമാക്കി. ജനങ്ങളുടെ നന്മയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. മദ്യപിക്കുക ആളുകളുടെ മൗലിക അവകാശം അല്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി അംഗീകരിച്ചു.

ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് പ്രവര്‍ത്തനം തുടരാം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ല. ബാറുകള്‍ പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന വാദം അംഗീകരിക്കാനാകില്ല. മദ്യമില്ലെങ്കില്‍ ടൂറിസം തകരുമെന്ന വാദം ശരിയല്ല. ജന നന്മയും പരിഗണിക്കണമെന്നും കോടതി പറഞ്ഞു. സമൂഹ നന്മയ്ക്കായി നടത്തിയ നിയന്ത്രണം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. കേരളത്തില്‍ മദ്യ ഉപയോഗം കൂടുതലാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണവും കോടതി പരിഗണിച്ചു.

വിദേശ മദ്യ വില്‍പ്പന ചട്ടത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയും കോടതി ശരിവച്ചു. ജസ്റ്റിസ് കെ. ടി. ശങ്കരന്‍, ജസ്റ്റിസ് ബാബു മാത്യു. പി. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

രാവിലെ പറഞ്ഞു തുടങ്ങിയ വിധി പ്രസ്താവം വൈകീട്ട് 4.30 വരെ നീണ്ടു. വിധി പറഞ്ഞു തീരും വരെ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.