നീലേശ്വരം: ഭര്‍തൃഗൃഹത്തില്‍ മൂന്ന് കുട്ടികളുടെ മാതാവായ യുവതിക്കേറ്റത് സമാനതകളില്ലാത്ത ക്രൂരത. മുഖത്തും കൈകാലുകളിലും അടിവയറിലും തുടകള്‍ക്കും ഇരുകാലുകള്‍ക്കും ഭര്‍ത്താവും മാതാവും സഹോദരങ്ങളും ചേര്‍ന്ന് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച കാഞ്ഞങ്ങാട് കുളിയങ്കാലിലെ നാസിയ(29) ഇനിയും പീഢന പര്‍വ്വം താണ്ടിയില്ല.
കത്തുന്ന വേദനയില്‍ പുളയുന്ന യുവതിയുടെ ദയനീയതയില്‍ ജില്ലാശുപത്രി പരിസരമപ്പാടെ വിറങ്ങലിച്ചുവില്‍ക്കുന്നു. നീലേശ്വരം പേരോലിലെ ഭര്‍തൃഗൃഹത്തില്‍ നിരന്തരം പീഢിപ്പിക്കപ്പെട്ടുവരികയായിരുന്ന നസിയയെ സ്വന്തം സഹോദരനെത്തി രക്ഷപ്പെടുത്തി അജാനൂരിലെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ്.
ഭര്‍ത്താവ് ഫൈസലും സഹോദരി ഡോ:നാദിറയും മാതാവ് ഫാത്തിമയും ചേര്‍ന്ന് നാസിയയെ കൊല്ലാകൊല ചെയ്യുയായിരുന്നു. പതിനാല് വര്‍ഷം മുമ്പാണ് നാസിയയുടെയും ഫൈസലിന്റെയും വിവാഹം നടന്നത്. ഇരുവര്‍ക്കും പതിമൂന്നും, ഒമ്പതും, ഏഴും വയസ്സ് പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളുണ്ട്.
വിവാഹ സമയത്ത് 60 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനവും നല്‍കിയിരുന്നു. പിന്നീട് പലപ്പോഴായി പണം നല്‍കിയിരുന്നുവെങ്കിലും ഒന്നിന് പുറകെ മറ്റൊന്നായി ആവശ്യങ്ങള്‍ ഉന്നയിച്ച് ഭര്‍ത്താവ് നസിയയെ നിരന്തരം കൊടും ക്രൂരതയ്ക്ക് ഇരയാക്കി വന്നതായി പറയപ്പെടുന്നു.
ദിവസങ്ങളായി ഭക്ഷണം നല്‍കില്ല. ഒന്നര മാസം മുമ്പ് വലതുകൈ തല്ലിയൊടിച്ചു. ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടറോട് വീണ് പരിക്കേറ്റതാണെന്ന് കള്ളം പറയാന്‍ ഭര്‍ത്താവും മാതാവും നിര്‍ബന്ധിച്ചു. മറ്റൊരിക്കല്‍ വലതു കാല്‍ തിരിച്ചൊടിച്ചു. തുടര്‍ന്നിങ്ങോട്ട് നസിയക്ക് ഭര്‍തൃവീട്ടില്‍ പീഢന പര്‍വ്വമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടാരംഭിച്ച മര്‍ദ്ദനമുറ അവസാനിച്ചത് പാതിരാവിന്റെ അവസാന നാഴികകളില്‍. കവിളത്തും അടിവയറിലും ഇരുതുടകള്‍ക്കും ചൂടുള്ള ഇസ്തിരിപ്പെട്ടി ശക്തിയായി ചേര്‍ത്ത് വെച്ച് പൊള്ളിച്ചു.
ബെല്‍ട്ട് കൊണ്ട് പുറം മുഴുവന്‍ അടിച്ചുപൊട്ടിച്ചു. വേദനകൊണ്ട് നിലവിളിച്ച നസിയയുടെ വായില്‍ ആസിഡൊഴിച്ച് കൊന്നുകളയുമെന്ന് ഫൈസല്‍ ഭീഷണിപ്പെടുത്തി. ഈ സമയമൊക്കയും ഭര്‍തൃമാതാവും സഹോദരിയും ഫൈസലിന് പിന്തുണയുമായി നിലയുറപ്പിച്ചിരുന്നുവത്രെ.
രാത്രി മുഴുവന്‍ വേദനകൊണ്ട് നിലവിളിച്ച യുവതി പാതിരാവില്‍ സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പിതാവ് സി അബ്ദുല്ല കുഞ്ഞിയെ വിവരം ധരിപ്പിച്ചു. പുലര്‍ച്ചെ നസിയുടെ ഭര്‍തൃവീട്ടിലെത്തിയ സഹോദരന്‍ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.ശരീരമാസകലം പൊള്ളലേറ്റ് അവശയായ യുവതിയെ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ ശ്രീനിവാസന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ നേരില്‍ കണ്ട് മൊഴിയെടുത്തു.
ഞായറാഴ്ച വൈകീട്ട് ആശുപത്രിയിലെത്തിയ സ്ത്രീ സുരക്ഷാ ഓഫീസര്‍ വി സുലജ യുവതിയെ സ്വകാര്യാശുപത്രിയില്‍ നിന്നും ജില്ലാശുപത്രിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നസിയെ ഞായറാഴ്ച വൈകിട്ടോടെ ജില്ലാശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
സര്‍ക്കാറിന്റെ സൗജന്യ നിയമ- വൈദ്യ സഹായം ഉറപ്പുവരുത്താണ് യുവതിയെ ജില്ലാശുപത്രിയിലേക്ക് മാറ്റുന്നുവെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
മുഹമ്മദ് ഫൈസല്‍, സഹോദരി ഡോ. നാദിറ, മാതാവ് ഫാത്തിമ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയനം 498-സ്ത്രീധന പീഢനത്തിന് പുറമെ 307-വധശ്രമം 323, 326 - ക്രൂരമര്‍ദ്ദനം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് നീലേശ്വരം പോലീസ്‌കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഫൈസലും വനിതാ ഡോക്ടറുമടുങ്ങുന്ന കുടുംബം നീലേശ്വരം പേരോലിലെ വീട് പൂട്ടി ഒളിവില്‍ പോയി.
ഇവരെ കണ്ടെത്താന്‍ കര്‍ണ്ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് നീലേശ്വരം പോലീസ് അറിയിച്ചു.
No comments:
Post a Comment